ജാർഖണ്ഡിൽ ബിജെപിക്ക് അടിതെറ്റി: JMM നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലേക്ക്

0
6

റാഞ്ചി: ജാർഖണ്ഡിൽ അടിതെറ്റി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതുവരെയുള്ള ഫലങ്ങളിൽ JMM-കോൺഗ്രസ്-RJD സഖ്യം അധികാരമുറപ്പിച്ചിരിക്കുകയാണ്. 81 സീറ്റുകളുള്ള സംസ്ഥാനത്ത് 47 സീറ്റുകളിലാണ് ജാര്‍ഖണ്ഡ് മുക്തി മോർച്ച (JMM)യുടെ നേതൃത്വത്തിലുള്ള മഹാസഖ്യം മുന്നേറുന്നത്. മുഖ്യമന്ത്രി രഘുബർ ദാസ് ഉള്‍പ്പെടെ ബിജെപിയുടെ പല പ്രമുഖ മുഖങ്ങളും തോല്‍വി നേരിട്ടതും പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്.

എക്സിറ്റ് പോൾ ഫലങ്ങൾ തൂക്കുമന്ത്രിസഭ പ്രഖ്യാപിച്ച സംസ്ഥാനത്ത് ആദ്യഘട്ട ഫലങ്ങൾ പുറത്തു വരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും പിന്നീട് മഹാസഖ്യം മുന്നേറകയായിരുന്നു. മഹാസഖ്യത്തിൽ നിന്ന് ജെഎംഎം സ്ഥാനാർഥി ഹേമന്ത് സോറനായിരിക്കും മുഖ്യമന്ത്രിയായി എത്തുകയെന്നാണ് സൂചന.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാൻ പിടിച്ച സോറൻ തന്നെയാണ് സഖ്യത്തിന്റെ വിജയശിൽപിയായി വിലയിരുത്തപ്പെടുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ആരുടെയും പ്രതീക്ഷകൾ തകരില്ലെന്നും ജാര്‍ഖണ്ഡിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നുമാണ് വിജയം ഉറപ്പിച്ച ശേഷം സോറന്റെ പ്രതികരണം.