മലപ്പുറം: 2026-ൽ ഭരണം ലഭിച്ചാൽ ആഭ്യന്തര, വനം വകുപ്പുകൾ തനിക്ക് നൽകണമെന്നും, അല്ലെങ്കിൽ വി.ഡി. സതീശനെ പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്ന് നീക്കണമെന്നും പി.വി. അൻവർ ആവശ്യപ്പെട്ടു. എന്നാൽ, അൻവറിന് മറുപടി നൽകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. നാമനിർദ്ദേശപത്രിക പിൻവലിക്കില്ലെന്നതാണ് അൻവറിന്റെ നിലപാട്.പി വി അൻവറിന് മുന്നിൽ യുഡിഎഫിന്റെ വാതിലുകൾ അടച്ചുവെന്ന് നേതൃത്വം പറയുമ്പോഴും ഇന്ന് ഒൻപതു മണി വരെ ഉത്തരവാദിത്തപ്പെട്ടവർ വിളിച്ചു എന്നാണ് അൻവർ പറയുന്നത്. നാമനിർദ്ദേശപത്രിക പിൻവലിക്കില്ല. തന്നെ മത്സരിക്കാൻ നിർബന്ധിതനാക്കിയത് വിഡി സതീശൻ ആണ്. പ്രതിപക്ഷ നേതാവ് മുക്കാൽ പിണറായിയാണെന്നും അൻവർ പരിഹസിച്ചു.ഇതിനിടയിൽ, പ്രതിരോധ, വിദേശകാര്യ വകുപ്പുകളും ചോദിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നാണ് വി.ടി ബലറാമിന്റെ പരിഹാസം.
അതേസമയം നിലമ്പൂരിൽ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. പി.വി. അൻവർ മത്സരത്തിൽ തുടരുമോ എന്ന് ഇന്നറിയാം. തൃണമൂൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെങ്കിൽ, ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ട് തവണയും അൻവർ വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം ഇത്തവണയും ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം പ്രതീക്ഷിക്കുന്നത്.