തെറ്റുകൾ ക്ഷമിക്കുക ; ഹജ്ജ് തീർത്ഥാടനത്തിനൊരുങ്ങി സാനിയ മിർസ

ഹജ്ജ് തീർത്ഥാടനത്തിനായി പോകുന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മുൻ ടെന്നീസ് താരം സാനിയ മിർസ. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.’പ്രിയപ്പെട്ടവരേ, ഹജ്ജ് എന്ന വിശുദ്ധ യാത്ര ആരംഭിക്കാനുള്ള അവിശ്വസനീയമായ അവസരം എനിക്ക് ലഭിച്ചിരിക്കുന്നു. ഈ പരിണാമപരമായ അനുഭവത്തിനായി ഞാൻ തയ്യാറെടുക്കുമ്പോൾ, എന്റെ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ നിങ്ങളോട് വിനയപൂർവ്വം ക്ഷമ ചോദിക്കുന്നു. മോചനവും ആത്മീയ നവീകരണവും തേടാനുള്ള ഈ യാത്രയിൽ എൻ്റെ ഹൃദയം നന്ദിയാൽ നിറഞ്ഞിരിക്കുന്നു. അല്ലാഹു എൻ്റെ പ്രാർത്ഥന സ്വീകരിച്ച് ഈ അനുഗ്രഹീതമായ പാതയിൽ എന്നെ നയിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ അങ്ങേയറ്റം ഭാഗ്യവതിയാണ് , ഒപ്പം അങ്ങേയറ്റം നന്ദിയുള്ളവളുമാണ്. ഈ ജീവിതയാത്ര ആരംഭിക്കുമ്പോൾ ദയവായി എന്നെ നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും പരിഗണിക്കുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ ഈമാനുമുള്ള ഒരു മികച്ച മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- സാനിയ കുറിച്ചു. കഴിഞ്ഞ ജൂണിലാണ് സാനിയയും പാക് ക്രിക്കറ്റ് താരം ശു​ഐബ് മാലിക്കും തമ്മിൽ വിവാഹ മോചിതരാകുന്നത്.ഇരുവർക്കും ഇഹ്സാൻ എന്ന് പേരുള്ള ഒരു മകനുണ്ട്.