നിപ, ജാഗ്രത പാലിക്കേണ്ടതിങ്ങനെ.

0
14

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാനുള്ള സാധ്യതയും ഏറെയാണ്. അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് രോഗ ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാനും രോഗം ബാധിച്ച വ്യക്തിയിൽ നിന്നും രോഗം പകരാതിരിക്കാനും മുൻകരുതലുകൾ എടുക്കേണ്ടതാണ്.

രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും, മറ്റ് ഇടപഴകലുകൾ നടത്തുമ്പോളും കയ്യുറകളും, മാസ്കും ധരിക്കാൻ ശ്രദ്ധിക്കുക. സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക.

അസുഖം വന്നതിന് ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമാകില്ലെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ നൽകുന്ന വിവരം. അതുകൊണ്ട് തന്നെ പ്രതിരോധമാണ് പ്രധാനം.

രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക,രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക,രോഗി, രോഗ ചികില്‍സക്കു പയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.