ന്യൂഇയർ അടിച്ചു പൊളിക്കാം: നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈറ്റ്

കുവൈത്ത്: പുതുവർഷത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈറ്റ്. അവധി സംബന്ധിച്ച് നേരത്തെ തന്നെ അനൗദ്യോഗിക റിപ്പോർട്ടുകൾ എത്തിയെങ്കിലും സിവിൽ സര്‍വീസ് കമ്മീഷൻ ഇന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കുവൈറ്റിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും പുതുവർഷത്തോടനുബന്ധിച്ച് നാല് ദിനം തുടർച്ചയായി അവധിയായിരിക്കുമെന്ന് വ്യക്തമാക്കി സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

പുതുവർഷ ദിനമായ ജനുവരി ഒന്ന് ബുധനാഴ്ച ഔദ്യോഗിക അവധിയാണ്. ജനുവരി മൂന്ന് വെള്ളിയാഴ്ച , തൊട്ടടുത്ത ശനിയാഴ്ചയും രാജ്യത്ത് പൊതു അവധിയാണ്. ഇതിനിടയിൽ ജനുവരി രണ്ട് വ്യാഴാഴ്ച വിശ്രമ ദിനമായി കണക്കാക്കും.

കൗൺസിലിന്റെ മുൻനിശ്ചയിച്ച തീരുമാനം അനുസരിച്ച് രണ്ട് അവധി ദിനങ്ങൾക്കിടയിൽ വരുന്നത ദിവസം വിശ്രമദിനമായി കണക്കാക്കുന്നത്. രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി ദിനമാണ്. ഇതെല്ലാം കണക്കിലെടുത്താണ് രാജ്യത്ത് പുതുവര്‍ഷത്തിൽ നാല് അവധി ദിനമെത്തുന്നത്.