കുവൈത്ത് സിറ്റി: കുവൈത്തിലെ 20 ഇന്ത്യന്‍ സ്‌കൂളുകള്‍ വരുന്ന മെയ് മാസത്തില്‍ എഴുത്തു പരീക്ഷ നടത്താന്‍ അനുവാദം നല്‍കണമെന്ന് ബന്ധപ്പെട്ട അധികരോട് അപേക്ഷിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അമേരിക്ക ബ്രിട്ടീഷ് സ്‌കൂളുകള്‍ക്ക് സമാനമായി ഇന്ത്യന്‍ വിദ്യാലയങ്ങളും അന്താരാഷ്ട്ര അംഗീകൃത ബോഡികളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ അധ്യയനവര്‍ഷവും പാസ്സാകുന്നതിന് പ്രത്യേക മൂല്യനിര്‍ണയ സംവിധാനം ആവശ്യമാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണം എന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അല്ലാത്തപക്ഷം ഇരുപതോളം സ്‌കൂളുകളില്‍ നിന്ന് 8000 വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ വന്ന് പരീക്ഷ എഴുതേണ്ടി വരും. സ്‌കൂളുകളുടെ പ്രതിനിധി സംഘം വിദ്യാഭ്യാസ മന്ത്രാലയവുമായി ചര്‍ച്ച നടത്തും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്താന്‍ സ്‌കൂളുകള്‍ തയ്യാറാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 12 മുതല്‍ എല്ലാ വിദ്യാലയങ്ങളും സ്‌കൂളുകളും അടച്ചിരുന്നു. അന്ന് മുതല്‍ ഓണ്‍ലൈനായാണ് ക്ലാസ്സുകള്‍ നടക്കുന്നത്.