കോട്ടയം: കുവൈറ്റില്‍ നിന്ന് ഇനി പ്രവീൺ മടങ്ങിയെത്തുന്നത് ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങള്‍ക്ക് മുന്നിലാണ്. ഇന്ന് പുലർച്ചയോടെ കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പ്രവീണിന് നഷ്ടമായത് മാതാപിതാക്കളെയും ഭാര്യയെയും ഏക മകനെയുമാണ്. കുറവിലങ്ങാടിനു സമീപം എം സി റോഡിൽ കാളികാവിൽ നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പ്രവീണിന്റെ മാതാപിതാക്കളായ വേളൂർ ഉള്ളാട്ടിൽ പടി വീട്ടിൽ തമ്പി, വത്സല, ഭാര്യ പ്രഭ, മകൻ അർജുൻ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.
കുവൈറ്റിൽ കാർ ഷോറൂം ജീവനക്കാരനാണ് പ്രവീൺ. ഭാര്യയും മകനും ഒപ്പം തന്നെയായിരുന്നു. മകന്റെ പഠനാവശ്യങ്ങൾക്കായി ഈ അടുത്ത കാലത്താണ് നഴ്സായ പ്രഭ മകനുമൊത്ത് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ലോട്ടറി വ്യാപാരിയാണ് പ്രവീണിന്റെ അച്ഛൻ തമ്പി. ചാലക്കുടിയിൽ ബന്ധുവീട്ടിലെ സന്ദർശനം കഴിഞ്ഞ് മടങ്ങിവരവെയാണ് അപകടം ഉണ്ടായത്. കാർ ഓടിച്ചിരുന്ന അർജുൻ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതപ്പെടുന്നത്.