ബിഡികെ യും, കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷനും സംയുക്തമായി രക്തദാനത്തിലൂടെ ഓണാഘോഷം നടത്തി.

കുവൈത്ത് സിറ്റി: സന്നദ്ധരക്തദാനരംഗത്തെ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും, കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ, കുവൈത്തും സംയുക്തമായി സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ അദാൻ കോ ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വച്ച് 2020 സെപ്തംബർ 25 വെള്ളിയാഴ്‌ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ “സുകൃതം 2020 എന്ന പേരിൽ” സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ലോകമെമ്പാടും കോവിഡ് മഹാമാരി മൂലം വലയുന്ന സാഹചര്യത്തിലാണ് ഓണാഘോഷ പരിപാടികളൊഴിവാക്കി തികച്ചും സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനമെന്ന നിലയിൽ കെഇഎ പ്രവർത്തകർ രക്തദാനക്യാമ്പിൽ പങ്കെടുത്തത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ, രക്തദാനത്തിനും സന്നദ്ധ പ്രവർത്തനത്തിനുമായി ക്യാമ്പിൽ പങ്കു ചേർന്നു. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തികച്ചും സുരക്ഷിതമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  പങ്കെടുത്ത എല്ലാവരും മാസ്കും കയ്യുറകളും ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയും, സാമൂഹ്യ അകലം പാലിച്ചുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ബിഡികെ പ്രവർത്തകൻ, കെവിൻ മാത്യു മാവേലിയുടെ വേഷമണിഞ്ഞെത്തി രക്തം നൽകിയത് സമൂഹത്തിന് വേറിട്ടൊരു സന്ദേശമാണ് നൽകിയത്. മാവേലിയും, പേപ്പർ ക്രാഫ്റ്റിൽ തീർത്ത മനോഹരമായ പൂക്കളവും, പങ്കെടുത്തവരുടെ കേരളീയ വേഷവും പരിപാടിക്ക് ഓണത്തിന്റെ പ്രതീതി നൽകി. രക്തദാനം ചെയ്തവർക്ക് സാക്ഷ്യപത്രങ്ങളും, കൂടാതെ പങ്കെടുത്തവർക്ക് ഓണസദ്യയുടെ പ്രതീകമായി വ്യത്യസ്തമായ പായസങ്ങളും വിതരണം ചെയ്തു.

തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് വ്യത്യസ്തമായ സമയക്രമം സംഘാടകർ മുൻകൂട്ടി നൽകിയിരുന്നു.

കുവൈത്തിൽ കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവാസി സമൂഹം നടത്തിയ ഏക ഓണാഘോഷം എന്ന നിലയിൽ സുകൃതം 2020 അക്ഷരാർത്ഥത്തിൽ തന്നെ ചരിത്രത്തിൽ ഇടം നേടുകയായിരുന്നു.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡണ്ട് ഡോ. അമീർ അഹ്മദ് നിർവ്വഹിച്ചു. കെ ഇ എ പ്രസിഡണ്ട് ഷെറിൻ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, രാജൻ തോട്ടത്തിൽ ഓണസന്ദേശം നൽകി. കെ ഇ എ ജനറൽ സെക്രട്ടറി അജിത് ഡോ. അമീർ അഹ്മദിന് മെമന്റോ നൽകി ആദരിച്ചു. ബിഡികെ കുവൈത്തിന് വേണ്ടി രഘുബാൽ സ്വാഗതവും, പ്രോഗ്രാം കൺവീനർ അനൂപ് കുമാർ നന്ദിയും രേഖപ്പെടുത്തി.
ദീപു ചന്ദ്രൻ, ബിജി മുരളി, ജയകൃഷ്ണൻ, ഹരീന്ദ്രൻ, യമുന, മുനീർ പിസി, പ്രവീൺ കുമാർ, മുജീബ്, സോഫി, ധന്യ, വേണുഗോപാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
നിലവിലെ സാഹചര്യത്തിൽ കുവൈത്തിലെ ബ്ലഡ് ബാങ്കുകളിൽ നേരിടുന്ന രക്തദൌർലഭ്യം നേരിടുന്നതിനായി നമ്മളാലാവുന്നത് ചെയ്യുക എന്നതും, കോവിഡിന്റെ അതിരൂക്ഷമായ വ്യാപനത്തിലും രക്തദാനം എന്നത് തികച്ചും സുരക്ഷിതമായ കർമ്മമാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതുമാണ് ബിഡികെ സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ ലക്ഷ്യം.
കോവിഡ് കാലത്ത് വിവിധ സാമൂഹ്യസംഘടനകളുടെ പിന്തുണയോടെ ബിഡികെ സംഘടിപ്പിക്കുന്ന മൂന്നാമത്തെ രക്തദാന ക്യാമ്പാണ് കഴിഞ്ഞ ദിവസം നടന്നത്.

ചിട്ടയായ ക്രമീകരണങ്ങളിലൂടെ വിജയകരമായ ഒരു പരിപാടി സംഘടിപ്പിക്കാനായത് കെ ഇ എ യുടെ ഭാഗത്ത് നിന്നുണ്ടായ അകമഴിഞ്ഞ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ്. കോവിഡ് ഭീഷണിയിലും രക്തദാനത്തിനായി മുന്നോട്ടു വന്ന എല്ലാ രക്തദാതാക്കളെയും അഭിനന്ദിക്കുന്നു. വെല്ലുവിളി നിറഞ്ഞ ഈ പരിപാടി ഏറ്റെടുത്ത് മുന്നോട്ടു വന്ന കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.