ബിഡികെ യും, ലാൽകെയേഴ്സ് കുവൈത്തും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

വൃതശുദ്ധിയുടെ പുണ്യനാളുകൾ അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോൾ രക്ത ദാനം പോലെയുള്ള പുണ്യകർമ്മങ്ങളിൽ വ്യാപൃതരായി പ്രവാസി സമൂഹവും. ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്ററും, ലാൽ കെയേഴ്സ് കുവൈത്തും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പിന്തുണയോടെ; അതുല്യ അഭിനയപ്രതിഭ, മലയാളത്തിന്റെ അഭിമാനം മോഹൻലാലിന്റെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയയിലുളള സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച്, 2019 മെയ് 23ന് രാത്രി 8.30 മുതൽ 12.00 വരെ നടന്ന ക്യാമ്പിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ൽ പരം ലാൽ കെയേഴ്സ് പ്രവർത്തകരാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പിറന്നാൾ സമ്മാനമായി സ്വന്തം ജീവരക്തം തന്നെ സഹജീവികൾക്കായി പകർന്നു നൽകിയത്.

ബിഡികെ കുവൈത്തിന്റെ ഈ വർഷത്തെ ഒൻപതാമത്തെയും, റമദാനിലെ മൂന്നാമത്തെയും രക്തദാനക്യാമ്പാണ് കഴിഞ്ഞ ദിവസം നടന്നത്. ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനത്തിനായി ബിഡികെ യുടെ നിരവധി സന്നദ്ധപ്രവർത്തകർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.

ലോകമെമ്പാടുമുള്ള ലാൽ കെയേഴ്സ് പ്രവർത്തകർ മോഹൻലാലിന്റെ ജൻമദിനത്തിൽ സംഘടിപ്പിച്ച വിവിധങ്ങളായ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുവൈത്തിലും ബിഡികെയോടൊപ്പം രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിന് മനോജ് മാവേലിക്കര, രാജേഷ് ആർ. ജെ, ഷിബിൻ ലാൽ, രാജൻ തോട്ടത്തിൽ, അനീഷ് നായർ, ജോസഫ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം വഹിച്ചു.