മടങ്ങിയെത്താന്‍ മെഡിക്കല്‍ സർട്ടിഫിക്കറ്റ്: നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

കുവൈറ്റ്: രാജ്യത്തിലേക്ക് പ്രവേശിക്കാൻ കൊറോണ വൈറസ് ബാധിതനല്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന കുവൈറ്റിന്റെ നടപടി പ്രതിസന്ധിയിലാക്കിയിരിക്കുന്നത് പ്രവാസികളെയാണ്. ലീവ് കഴിഞ്ഞ് മടങ്ങി വരാൻ നിൽക്കുന്നവരടക്കം പെട്ടെന്നുള്ള ഈ നീക്കത്തിൽ ആശങ്കയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നാവാശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ രംഗത്തെത്തിയിരിക്കുന്നത്.

മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. പരിശോധന പൂർത്തിയാക്കി മെഡിക്കൽ സർട്ടിഫിക്കറ്റുമായെത്തുന്ന കുറഞ്ഞ ഇഖാമ കാലാവധി ഉള്ളവർക്ക് തിരികെ പ്രവേശിക്കാൻ തടസമുണ്ടാകരുത്, ,അവധി കഴിഞ്ഞ് നിശ്ചിത തീയതിക്കു ശേഷം ജോലിക്കായി മടങ്ങിവരുന്ന ഇന്ത്യൻ തൊഴിലാളികളുടെ ജോലി സുരക്ഷ ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവാസി ലീഗൽ സെല്‍ പരാതി നല്‍കിയിരിക്കുന്നത്.

വിഷയത്തിൽ അടിയന്തിരമായ ഇടപെടൽ നടത്തി കുവൈറ്റ് ഗവൺമെൻറുമായി നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര സർക്കാരിലേക്ക് ഡൽഹിയിലുള്ള പ്രവാസി ലീഗൽ ഓഫീസ് വഴി വിദേശകാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കർ,വിദേശ കാര്യ വകുപ്പു സഹമന്ത്രി വി.മുരളീധരൻ, വിദേശകാര്യ വകുപ്പു സെക്രട്ടറി, വിദേശകാര്യ വകുപ്പു സ്റ്റാന്റിംഗ് കമ്മറ്റിയംഗം എൻ. കെ. പ്രേമ ചന്ദ്രൻ എം.പി എന്നിവർക്കാണ് പരാതി നൽകിയത്.