വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ കേസ്; മുഖ്യകണ്ണി അഡ്വ. ബിജു അറസ്റ്റില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസിലെ മുഖ്യകണ്ണി അഡ്വ.എം ബിജു അറസ്റ്റില്‍. ഇന്നലെ രാവിലെ പത്തരയോടെ കൊച്ചിയിലെ റവന്യൂ ഇന്റലിജന്‍സ് ഓഫീസില്‍ കീഴടങ്ങിയ ബിജുവിനെ എട്ടുമണിക്കൂര്‍ നീണ്ട തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഡി ആര്‍ ഐയുടെ കസ്റ്റഡി അപേക്ഷയും,ബിജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

സ്വര്‍ണക്കടത്തിലെ മറ്റുപ്രധാന സൂത്രധാരകരെ കുറിച്ചുള്ള വിവരങ്ങളും,സ്വര്‍ണക്കടത്തിന് അനുവര്‍ത്തിച്ചുപോന്നിരുന്ന മാര്‍ഗ്ഗങ്ങളും ബിജു ഡി ആര്‍ ഐയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം വ്യക്തമായ തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്തുകേസിലെ മുഖ്യകണ്ണിയാണ് അഭിഭാഷകനായ ബിജു.തെളിവുകള്‍ തന്നിലേക്ക് എത്തുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡി ആര്‍ ഐ ഇതിനെ എതിര്‍ത്തിരുന്നു.തുടര്‍ന്ന് കീഴടങ്ങാന്‍ തയ്യാറാണെന്ന് ബിജു കോടതിയെ അറിയിക്കുകയായിരുന്നു. കൊച്ചിയിലെ ഡി ആര്‍ ഐ ഓഫീസില്‍ അഭിഭാഷകനൊപ്പം എത്തിയ അഡ്വ ബിജുവിനെ എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷം സ്വര്‍ണക്കടത്തിലെ പങ്കാളിത്തം വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ബിജു ഒറ്റയ്ക്കും,മറ്റു സ്വര്‍ണക്കടത്തുകാരെ ഉപയോഗിച്ചും സ്വര്‍ണം കടത്തിയതായാണ് വിവരം. മേയ് പതിമൂന്നിന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ സെറീന ഷാജി,സുനില്‍ കുമാര്‍ എന്നിവരില്‍ നിന്ന് എട്ടുകോടി രൂപയ്ക്കുള്ള ഇരുപത്തിയഞ്ചുകിലോ സ്വര്‍ണം പിടികൂടിയതോടെയാണ് നിരവധി പേര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മുഹമ്മദാലി എന്നയാള്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന സൂചനകള്‍ അനുസരിച്ച് ഇയാളുടെ കോഴിക്കോട്ടെ വീട്ടിലും പരിശോധന നടന്നിരുന്നു.ഇതിനിടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസ് ഏറ്റെടുത്ത സി ബി ഐ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.