ശോഭാ സുരേന്ദ്രനെ ബിജെപി യിൽ നിന്ന് പുറത്താക്കണമെന്ന് കെ സുരേന്ദ്രൻ

0
8

കൊച്ചി: പാർട്ടിയിൽ വിമത ശബ്ദം ഉയർത്തിയ മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രൻ എതിരെ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ചേർന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് സുരേന്ദ്രൻ ആവശ്യമുന്നയിച്ചത്. ഇത് മുരളീധരൻ കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള വാക്പോരിലേക്ക് വഴിവെച്ചു. ശോഭാ സുരേന്ദ്രന് എതിരെ മുരളീധര പക്ഷവും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൃഷ്ണദാസ് പക്ഷവും ആരോപണ ശരങ്ങൾ ഉതിർത്തു.
ശോഭാ സുരേന്ദ്രനെ പുറത്താക്കണമെന്ന കെ സുരേന്ദ്രൻ്റെ ആവശ്യം കോർ കമ്മിറ്റി തള്ളി. സംസ്ഥാന നേതൃത്വത്തെ പുനസംഘടിപ്പിച്ചപ്പോള്‍ അര്‍ഹിച്ച പ്രാധാന്യം ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിക്കുളളില്‍ കലാപത്തിന് തിരി കൊളുത്തിയത്. സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ‘ ശോഭാ സുരേന്ദ്രന്‍ വിട്ട് നിന്നു. ശോഭാ സുരേന്ദ്രനെ കൂടാതെ കെപി ശ്രീശന്‍, പിഎം വേലായുധന്‍ എന്നീ നേതാക്കളും സുരേന്ദ്രന് എതിരെ രംഗത്ത് വന്നിരുന്നു. സുരേന്ദ്രന്‍ അവഗണിക്കുന്നുവെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല എന്നുമാണ് നേതാക്കളുടെ പരാതി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ വലിയ അവകാശവാദങ്ങള്‍ ആയിരുന്നു ഉന്നയിച്ചത്. ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഉള്‍പ്പെടെ പിടിച്ചെടുക്കുമെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ വന്‍ തിരിച്ചടിയാണ് ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. ഇതോടെ പാര്‍ട്ടിക്കുളളില്‍ സുരേന്ദ്രന് എതിരായ പടയൊരുക്കം ശക്തമാവുകയാണ്.