സന്നദ്ധ സംഘടനകളുടെ ശുചീകരണ പരിപാടികൾക്ക് പിന്തുണപ്രഖ്യാപിച്ച് മുൻസിപ്പാലിറ്റി

കുവൈത്ത് സിറ്റി: സന്നദ്ധ സംഘടനകൾ നടത്തുന്ന ശുചീകരണ യജ്ഞത്തെ പ്രകീർത്തിച്ച് ജഹ്‌റയിലെ കുവൈറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ക്ലീനിംഗ്, റോഡ് വർക്ക്സ് വകുപ്പ് ഡയറക്ടർ ഫഹദ് അൽ ഖുറൈഫ.
പൊതുജനങ്ങൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ സന്നദ്ധസേവകർ ശ്രദ്ധാലുക്കൾ ആണെന്നും അവരുടെ കഠിനമായി പരിശ്രമം ആദരണീയമാണെന്നും അദ്ദേഹം പ്രശംസിച്ചു.
ബീച്ചുകളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ നീക്കംചെയ്യുന്നതിന് ആവശ്യമായ യന്ത്രങ്ങൾ, ഉപകരണങ്ങൾ, ക്ലീനിംഗ് വർക്കർമാർ, പരിസ്ഥിതി സൗഹൃദ ബാഗുകൾ എന്നിവ നൽകി മുനിസിപ്പാലിറ്റി സന്നദ്ധസംഘടനകൾക്ക് പിന്തുണ നൽകുന്നു. പൊതുജനങ്ങൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ സന്നദ്ധപ്രവർത്തകരെ സഹായിക്കാൻ മുനിസിപ്പാലിറ്റി ടീമുകൾ ശ്രദ്ധാലുക്കളാണെന്ന് അൽ-ഖുറൈഫ പറഞ്ഞു.
സ്വദേശികളുടെയും പ്രവാസികളുടെയും ബീച്ച് സന്ദർശനം കാലാനുസൃതമായി വർദ്ധിച്ചതിനാൽ മുനിസിപ്പാലിറ്റിയുമായി കരാർ ഒപ്പിട്ട കമ്പനികളുമായി ഏകോപിപ്പിച്ച് ശുചിത്വ പ്രചാരണങ്ങൾ നടത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായും അദ്ദേഹം അറിയിച്ചു.
സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധരായി തുടരണമെന്ന് അദ്ദേഹം ബീച്ചുകൾ സന്ദർശിക്കുന്ന എല്ലാവരോടും അഭ്യർത്ഥിച്ചു. ആവശ്യമെങ്കിൽ പിന്തുണ നൽകാൻ ജഹ്‌റയിലെ മുനിസിപ്പാലിറ്റി ബ്രാഞ്ച് എപ്പോഴും സന്നദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു.