സ്റ്റാലിന്‍ മോദിയുമായി ചര്‍ച്ചയിൽ; ബിജെപി തമിഴ്‌നാട് പ്രസിഡണ്ട് തമിഴിസൈ സൗന്ദര്‍രാജന്‍; തള്ളി ഡി എം കെ;

0
8

കേന്ദ്രത്തില്‍ കോണ്‍ഗ്രസോ ബിജെപിയോ അധികാരത്തില്‍ വരാം എന്നതല്ല ഇക്കുറി അവസ്ഥ. ഇരു പാര്‍ട്ടികളേയും മാറ്റി നിര്‍ത്തി ഒരു മൂന്നാം മുന്നണി സര്‍ക്കാരിനുളള സാധ്യതകള്‍ തള്ളിക്കളയാനാകുന്നതല്ല. തെലങ്കാനയില്‍ നിന്നും കെ ചന്ദ്രശേഖര റാവുവാണ് മൂന്നാം മുന്നിണി നീക്കങ്ങള്‍ക്ക് ചരട് വലിക്കുന്നത്.

പ്രമുഖ പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി കെസിആര്‍ ഇതിനകം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അത് പരാജയമായിരുന്നു. അതിനിടെ സ്റ്റാലിന് ബിജെപി ചേരിയിലേക്ക് നീങ്ങുന്നു എന്ന തരത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ഇക്കുറി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം കിട്ടില്ല എന്ന് ബിജെപി കണക്ക് കൂട്ടുന്നു. അങ്ങനെ വരുമ്പോള്‍ എന്‍ഡിഎയ്ക്ക് പുറത്ത് നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കൂ. പ്രാദേശിക പാര്‍ട്ടികളുമായി ഒരു വശത്ത് ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് സ്റ്റാലിന്റെ ഡിഎംകെ. തമിഴ്‌നാട്ടില്‍ ഡിഎംകെയോട് ചേര്‍ന്നാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും.

എന്നാല്‍ എംകെ സ്റ്റാലിന്‍ ബിജെപി ചേരിയിലേക്ക് മാറാന്‍ സാധ്യതയുണ്ട് എന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. ബിജെപി തമിഴ്‌നാട് പ്രസിഡണ്ടായ തമിഴിസൈ സൗന്ദര്‍രാജന്‍ ആണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികളെ മുഴുവന്‍ ഞെട്ടിക്കുന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. സ്റ്റാലിന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് തമിഴിസൈ അവകാശപ്പെടുന്നത്. സ്റ്റാലിനുമായി കെ ചന്ദ്രശേഖര റാവു ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി തമിഴിസൈയുടെ രംഗപ്രവേശം. മധ്യസ്ഥര്‍ വഴിയാണ് ബിജെപിയും സ്റ്റാലിനുമായി ചര്‍ച്ച നടക്കുന്നതെന്നും ഇവര്‍ പറയുന്നു.

അവര്‍ ബന്ധം വളര്‍ത്തിക്കൊണ്ട് വരികയാണ്. ഒരു വശത്ത് രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയുമുണ്ട്. അതിനിടയില്‍ കെസിആറുമുണ്ട്. ഇവർ മൂവരുമായും സ്റ്റാലിൻ ചർച്ചകൾ നടത്തുകയാണ്. ഡിഎംകെ നിറം മാറുന്ന പാര്‍ട്ടിയാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് എന്നും തമിഴിസൈ സൗന്ദര്‍രാജന്‍ പറഞ്ഞു. ബിജെപി നേതാവിന്റെ പ്രസ്താവന പ്രതിപക്ഷത്ത് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.

പ്രതിപക്ഷത്ത് നിന്നും രാഹുല്‍ ഗാന്ധിയെ ആദ്യമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ നേതാവാണ് സ്റ്റാലിന്‍. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷമായ നിലപാട് എടുക്കുകയും വിമര്‍ശനം ഉന്നയിക്കുകയും കൂടി ചെയ്യുന്ന പാര്‍ട്ടിയാണിത്. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ശത്രുവായ അണ്ണാ ഡിഎംകെയ്ക്ക് ഒപ്പമാണ് ബിജെപി. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കുമൊപ്പം സഖ്യമുണ്ടാക്കിയാണ് ഡിഎംകെ ഇത്തവണ മത്സരിക്കുന്നത്. ഈ സഖ്യം ഇത്തവണ തിരഞ്ഞെടുപ്പ് തൂത്തുവാരും എന്നാണ് സര്‍വ്വേ ഫലങ്ങള്‍. മാത്രമല്ല ബിജെപി-കോണ്‍ഗ്രസ് ഇതര മുന്നണി നീക്കവുമായി എത്തിയ കെസിആറിനോട് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് സ്റ്റാലിന്‍ വ്യക്തമാക്കിയതും.

യുപിഎയുടെ ഭാഗമാകാനാണ് കെസിആറിനോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മൂന്നാം മുന്നണിക്ക് സാധ്യത ഇല്ല എന്നാണ് സ്റ്റാലിന്റെ നിലപാട്. കോണ്‍ഗ്രസ് ഇല്ലാതെയുളള മുന്നണിക്ക് സാധ്യത ഇല്ലെന്നും സ്റ്റാലിന്‍ നിലപാട് എടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതിനെല്ലാമിടയിലാണ് സ്റ്റാലിന്‍ ബിജെപിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം തമിഴിസൈ സൗന്ദര്‍രാജന്റെ അവകാശവാദത്തെ ഡിഎംകെ തളളിക്കളഞ്ഞു. രൂക്ഷമായ പ്രതികരണമാണ് പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നുളള വാര്‍ത്തകള്‍ സ്റ്റാലിന്‍ തളളിക്കളഞ്ഞു. ശരിയാണ് എന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുമെന്ന് സ്റ്റാലിന്‍ വെല്ലുവിളിച്ചു. മറിച്ചെങ്കില്‍ ബിജെപി നേതാവ് രാഷ്ട്രീയം മതിയാക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. കോണ്‍ഗ്രസിനൊപ്പം തന്നെ ഡിഎംകെ നിലകൊളളുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു.