കുവൈറ്റ്: പാർപ്പിടനിയമലംഘനത്തിന് പിടിയിലായവരെ കുവൈറ്റിൽ ഇത്തവണ പൊതുമാപ്പില്‍ ഉൾപ്പെടുത്തില്ലെന്ന് റിപ്പോർട്ട്. സ്വന്തം സ്പോൺസര്‍മാരുടെ കീഴിൽ നിന്നും ഒളിച്ചോടിപ്പോകുന്ന പ്രവാസികള്‍ മറ്റിടങ്ങളിൽ ജോലി ചെയ്ത് പണം സമ്പാദിക്കുകയും അതിനു ശേഷം പൊതുമാപ്പ് നേടി രാജ്യം വിടുകയും ചെയ്യുന്നു. പിഴയൊന്നും ഒടുക്കാതെ ഇത്തരത്തിൽ മടങ്ങിപ്പോകുന്നവർ വീണ്ടും ജോലിക്കായി കുവൈറ്റിലേക്ക് തന്നെ മടങ്ങി വരുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് പുതിയ നടപടിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാർപ്പിട നിയമലംഘനത്തിന് പിടികൂടുന്നവരെ നാടുകടത്താനാണ് തീരുമാനം, തുടര്‍ന്ന് അഞ്ച് വർഷത്തേക്ക് കുവൈറ്റിലോ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കോ പ്രവേശിക്കാനും അനുവദിക്കില്ല.. സാധാരണ പ്രവാസികൾ പിഴയടക്കാതെ നാടുകടത്തലിന് വിധേയരാകാനാണ് താത്പ്പര്യപ്പെടുന്നത്. എന്നിട്ട് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചേക്കേറും. ഇത് കൂടി കണക്കിലെടുത്താണ് മറ്റു രാജ്യങ്ങളിലേക്കും പ്രവേശന അനുമതി വിലക്കാനുള്ള തീരുമാനം.






























