വിവാദ കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭം, കർഷകർ നിരാഹാരമിരിക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലിനെതിരെ മൂന്നാഴ്‌ച്ചയായി തുടരുന്ന സമരം കടുപ്പിച്ച് കർഷകർ. പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്ന്‌ നിരാഹാരമിരിക്കും. സമര രംഗത്തുള്ള എല്ലാ കര്‍ഷക സംഘടനകളുടേയും നേതാക്കളാണ്‌ നിരാഹാരമിരിക്കുന്നത്‌. രാവിലെ 8മണിമുതല്‍ വൈകിട്ട്‌ 5 മണിവരെയാണ് നിരാഹാരം.സമരത്തിന്‌ ഐക്യദാർഢ്യവുമായി ഡല്‍ഹിലേക്ക് വരുന്ന കര്‍ഷകരെ പൊലീസ്‌ തടയുകയാണ്. ഇന്നലെ രാജസ്ഥാനില്‍ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ പുറപ്പെട്ട സമരക്കാരെ ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ തന്നെ തടഞ്ഞിരുന്നു.
കര്‍ഷക സംഘടനകള്‍ നിലാപാട്‌ കടുപ്പിച്ചതോടെ കര്‍ശന സുരക്ഷാ ഒരുക്കനാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. സംസ്ഥാന പൊലീസിനെ കൂടാതെ അര്‍ധ സൈനിക വിഭാഗങ്ങളേയും ദ്രുത കര്‍മ്മ സേനയും അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്‌. പല സ്ഥലത്തും കോണ്‍ക്രീറ്റ്‌ ബാരിക്കേഡുകള്‍ നിരത്തുകയും ചെയ്‌തു. കര്‍ഷകര്‍ കൂട്ടമായി ഡല്‍ഹി അതിര്‍ത്തിയിലേക്ക്‌ എത്തുന്നത്‌ തടയാനുള്ള നടപടികളാണ്‌ പൊലീസ്‌ സ്വീകരിക്കുന്നത്‌.
അതേ സമയം കര്‍ഷകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദമി പാര്‍ട്ടി നേതാവുമായ അരവിന്ദ്‌ കജ്രിവാള്‍ ഇന്ന്‌ നിരാഹാരം അനുഷ്ടിക്കും. കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പൊതുജനങ്ങളും നിരാഹാരം അനുഷ്‌ഠിക്കണമെന്ന്‌ അരവിന്ദ്‌ കജ്രിവാള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ അരവിന്ദ്‌ കജ്രിവാളിനെ വിമര്‍ശിച്ച്‌ മുതിര്‍ന്ന്‌ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ്‌ ജവദേക്കര്‍ രംഗത്തെത്തി. കര്‍ഷകരുമായി ചേര്‍ന്ന്‌ അരവന്ദ്‌ കജ്രിവാള്‍ കപടനാടകം കളിക്കുകയാണെന്ന്‌ പ്രകാശ്‌ ജവദേക്കര്‍ ആരോപിച്ചു.
സര്‍ക്കാരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ്‌ കര്‍ഷകരുള്ളത്‌. കര്‍ഷകര്‍ നിലപാട്‌ കടുപ്പിച്ചതോടെ മറ്റ്‌ മാര്‍ഗങ്ങളിലൂടെ കര്‍ഷക പ്രക്ഷോഭം നേരിടാനാണ്‌ ബിജെപിയുടെ തീരുമാനം. ആറാം വട്ട ചര്‍ച്ചക്കുള്ള തിയതി ഉടന്‍ തീരുമാനിക്കുമെന്ന്‌ കേന്ദ്ര മന്ത്രി കൈലാഷ്‌ ചൗധരി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍, കര്‍ഷക നേതാക്കളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും കൈലാഷ്‌ കൂട്ടിച്ചേര്‍ത്തു.