കൊടകര കള്ളപ്പണ കേസ്; സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

കൊടകര കുഴൽപണ കേസുമായി ബന്ധപ്പെട്ട് ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചു. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്ന രീതിയിലാവരുത് അന്വേഷണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
വിഷയത്തിൽ ഉൾപ്പെട്ട ബിജെപി സംഘപരിവാർ നേതാക്കളുടെ പേരു പറയാൻ മുഖ്യമന്ത്രി മടിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എന്നാൽ ഒത്തുതീർപ്പിന്‍റെ വിവരമുണ്ടെങ്കിൽ പുറത്ത് വിടണമെന്ന പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. കള്ളപ്പണകേസ് വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎ നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നൽകിയില്ല. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് ചെയ്തു.

കള്ളപ്പണം ഒഴുക്കി കേരളത്തിൽ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. കേസില്‍ കർണാടകയിലെ ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ പേര് കൂടി പറഞ്ഞ് കേൾക്കുന്നുണ്ട്. മുന്നണിയിലേക്ക് ആളെ ചേർക്കാൻ ബി.ജെ.പി പണം കൊടുത്തു. മഞ്ചേശ്വരത്ത് വീടുകളിൽ പണം കൊടുത്തു. കേസില്‍ ഗൌരവത്തോടെ അന്വേഷണം വേണം. ആ ഗൗരവത്തോടെ പൊലീസ് അന്വേഷിക്കണം. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്ന രീതിയിലാവരുത് .പൊലീസിന് മേൽ സമ്മർദത്തിന് സാധ്യതയുണ്ട്. അത് പാടില്ല. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അല്ലെങ്കിൽ സർക്കാർ ഒത്തുകളിക്കുന്നുവെന്ന് കരുതേണ്ടി വരും. ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ സാമഗ്രി പണമാണ്. ബി.ജെ.പി കള്ളപ്പണം കൈകാര്യം ചെയ്യുകയാണ്. കൊടകരയിൽ വാഹനം പിടിക്കപ്പെട്ടത് പല ജില്ലകളിലും പണം വിതരണം ചെയ്ത് വരുമ്പോൾ പൊലീസ് നേരെ നിന്ന് അന്വേഷിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക സംഘം അന്വേഷിക്കുന്നു. തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ 96 സാക്ഷികളുടെ മൊഴി എടുത്തു. 20 പ്രതികൾ പിടിയിലായി. ഒരു കോടി ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയും സ്വർണവും പിടിച്ചെടുത്തു.ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ ജൂൺ ഒന്നിന് കൈമാറി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു