ഈ വേനലവധിക്കാലത്തും സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള പ്രതീക്ഷകൾ ഉപേക്ഷിച്ച് പ്രവാസി സമൂഹം

0
7

കുവൈത്ത് സിറ്റി: ഈ വേനലവധിക്കാലത്തും സ്വദേശങ്ങളിലേക്ക് മടങ്ങാനാവാതെ പ്രവാസികൾ. കുവൈത്തിൽനിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി ഉണ്ടെങ്കിലും മടങ്ങിവരാൻ പ്രവേശനം നിഷേധിക്കപ്പെടുമെന്ന ഭയത്താൽ കുവൈത്തിലെ പ്രവാസികൾക്ക് സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ സാധിക്കുന്നില്ല. കൊറോണ പ്രതിസന്ധികൾ മൂലമേർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഒരു വർഷത്തിലേറെയായി നാട്ടിൽ തിരിച്ചെത്തി പ്രിയപ്പെട്ടവരെ കാണാൻ സാധിച്ചിട്ടില്ല ബഹുഭൂരിഭാഗം പേർക്കും. സമാന സാഹചര്യം ആണ് ഈ വേനലവധിക്കാലത്തും.

അതേസമയം, നിലവിൽ കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് തിരികെ കുവൈത്തിൽ പ്രവേശിക്കാൻ കഴിയാതെ തുടരുകയാണ്, തിരികെ വന്ന് തങ്ങളുടെ ജീവിതവും ഉപജീവനവും പുനരാരംഭിക്കാൻ എപ്പോൾ സാധിക്കുമെന്നതിൽ ആശങ്കാകുലരാണ് ഇവർ .കഴിഞ്ഞ വർഷം ആദ്യം കോവിഡ് പ്രതിസന്ധി ആരംഭിച്ചതുമുതൽ, രാജ്യത്തേക്കും പുറത്തേക്കും ഉള്ള ആളുകളുടെ യാത്രകൾക്ക് കുവൈത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2020 മാർച്ചിൽ രാജ്യത്ത് വൈറസ് ബാധയുണ്ടായതിനെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള എല്ലാ പ്രവർത്തനങ്ങളും അധികൃതർ അടച്ചുപൂട്ടി.

ഓഗസ്റ്റിൽ ജാഗ്രത നിർദേശങ്ങളോടെ വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു, എന്നാൽ ഇന്ത്യ ഉൾപ്പടെ ‘ഉയർന്ന അപകടസാധ്യത’ ഉള്ളതായി കണക്കാക്കപ്പെട്ട 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള യാത്രാ വിമാനങ്ങൾക്ക് കുവൈത്തിൽ പ്രവേശന വിലക്കേർപ്പെടുത്തി.നിരോധിത പട്ടികയിൽ ഉൾപ്പെടാത്ത ഒരു മൂന്നാം രാജ്യത്ത് 14 ദിവസം ക്വാറൻ്റെ യിനിൽ ചെലവഴിച്ചാൽ അവർക്ക് കുവൈത്തിൽ പ്രവേശിക്കാമായിരുന്നു.എന്നാൽ ഡിസംബർ അവസാനത്തോടെ, യുകെയിൽ ജനിതക വ്യതിയാനം വന്ന വൈറസ് പടർന്നുപിടിച്ചതിനെത്തുടർന്ന്, കുവൈത്ത് വീണ്ടും വിമാനത്താവളത്തിലൂടെയുള്ള എല്ലാ വാണിജ്യ സർവീസുകളും അടച്ചുപൂട്ടി.വർഷാരംഭത്തിൽ വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചെങ്കിലും 35 രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകൾക്കുള്ള നിരോധനം തുടരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ, നയതന്ത്രജ്ഞർ, മെഡിക്കൽ ഉദ്യോഗസ്ഥർ, വീട്ടുജോലിക്കാർ, മുൻകൂട്ടി അംഗീകാരം ലഭിച്ച മറ്റ് ചില വിഭാഗങ്ങൾ എന്നിവ ഒഴികെ കുവൈത്ത് സ്വദേശികളല്ലാത്തവർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.