തിരുവനന്തപുരം: മലയാളികൾ എന്നും മനസ്സിൽ താലോലിക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ നൽകിയ പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദർ അന്തരിച്ചു. 73 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 12.20ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കോവിഡ് ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ന്യുമോണിയയോടൊപ്പം ശ്വാസതടസവും കൂടിയതിനെ തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്നു. പിന്നീട് രോഗാവസ്ഥ മൂർച്ഛിച്ചു, അദ്ദേഹത്തിൻറെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
ശരറാന്തല്‍ തിരിതാണു(കായലും കയറും) ചിത്തിര തോണിയിൽ, നാഥാ നീവരും കാലൊച്ച(ചാമരം) ആദ്യസമാഗമ ലജ്ജയിൽ( ഉത്സവം) ഏതൊ ജന്മകല്പ്പനയില്(പാളങ്ങൾ) അനുരാഗിണി (ഒരു കുടക്കീഴിൽ) നീയെന്റെ പ്രാര്‍ത്ഥന കേട്ടൂ( കാറ്റുവിതച്ചവൻ) മൗനമേ നിറയും.. തുടങ്ങി നിരവധി ശ്രദ്ധേയഗാനങ്ങള്‍ക്ക് പൂവച്ചല്‍ തൂലിക ചലിപ്പിച്ചു.
ആക്കോട്ട് വീട്ടിലെ അമിനാബീവിയാണ് ഭാര്യ. മക്കൾ: തുഷാര, പ്രസൂന. മരുമക്കൾ: സലീം (സഹകരണ വകുപ്പ്), അഹമ്മദ് ഷെറിന് (കേരള യൂണിവേഴ്സിറ്റി). സംസ്കാരം ചൊവ്വാഴ്ച കുഴിയന്‍ കോണം മുസ്ലിം ജമാ അത്ത് പള്ളി കബറിസ്ഥാനിൽ.