കുവൈത്തിൽ പണം വാങ്ങി റെസിഡൻസി പുതുക്കൽ; 6 മാസത്തിനിടെ പിടിയിലായത് 95 പേർ, അസുഖ ബാധിതരായ 84 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി : കുവൈത്ത് ആഭ്യന്തര മന്ത്രാലയം
പുറത്തുവിട്ട സ്ഥിതിവിവര കണക്കുകൾ പ്രകാരം ഈ വർഷം പകുതിവരെ പണം വാങ്ങി റെസിഡൻസി പുതുക്കി നൽകിയതിന് 95 പേർ പിടിയിലായി.
റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനത്തെക്കുറിച്ച് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഈ വിവരങ്ങൾ ഉള്ളത്. കാലഹരണപ്പെട്ട വർക്ക് പെർമിറ്റ് മായി ബന്ധപ്പെട്ട ക്രമപരമല്ലാതെ നടപടി സ്വീകരിച്ചതിൽ 53 ഉം വ്യാജ ഔദ്യോഗിക രേഖകൾ ചമച്ചതിന് 7 കേസുകളുണ്ട്. കമ്പനികളുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ എടുത്തു കളയുന്നതിനും വാണിജ്യ സ്ഥാപനങ്ങൾ പരിശോധിക്കാനും 24,547 ഓർഡറുകൾ ഇതുവരെ നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അസുഖ ബാധിതരായ 84 പേരെ നാടുകടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

അനധികൃതമായി രാജ്യത്ത് താമസിച്ചതിന് നാടുകടത്തപ്പെട്ടത് 4,896 പേരാണ്. നിയമപരമായ കാലാവധി കഴിഞ്ഞ 2,326 അനധികൃത താമസക്കാർ പിഴ അടച്ച ശേഷം അവരുടെ നില ശരിയാക്കിയതായും മന്ത്രാലയം പുറത്തുവിട്ട രേഖകളിൽ പറയുന്നു. 44 വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസുകൾ അടച്ചുപൂട്ടി, 4 പ്രാദേശിക മദ്യ നിർമാണ കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചതായും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.