വിദേശ വിനോദസഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങി ഇന്ത്യ; ടൂറിസം മേഖല പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി അംബാസിഡർ സിബി ജോർജ്

0
78


കുവൈത്ത് സിറ്റി: ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാര വിസകൾ നൽകുന്നത് ഒൿടോബർ 15 മുതൽ പുനർ ആരംഭിക്കുന്നതിന് മുന്നോടിയായി കുവൈത്തിലെ ടൂറിസം മേഖലയിലെ സ്‌റ്റേക്ക്‌ഹോള്‍ഡേഴ്‌സുമായി ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കൂടിക്കാഴ്ച നടത്തി. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഏജന്റുമാര്‍, ട്രാവല്‍ പ്ലാനേഴ്‌സ് എന്നിവരെ സ്ഥാനപതി അഭിസംബോധന ചെയ്ത് സംസാരിച്ചു. ചാർട്ടർ ഫ്ലൈറ്റുകൾ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശികൾക്കും നിക്ഷേപകർക്കും ഈ മാസം 15 മുതൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതായിരിക്കും എന്ന് അദ്ദേഹം വിശദീകരിച്ചു.ഇന്ത്യയുടെ കോവിഡാനന്തര ടൂറിസം സാധ്യതകളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. കുവൈറ്റ് പൗരന്മാരെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച അംബാസിഡർ കേരളം, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് ലഘു വിവരണവും നടത്തി.

2019-ല്‍ 10.93 മില്യണ്‍ വിദേശ വിനോദസഞ്ചാരികള്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2018-നെ അപേക്ഷിച്ച് 3.4 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2019 ൽ മൊത്തം അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണം ഏകദേശം 17.91 ദശലക്ഷമായിരുന്നു എന്നും സ്ഥാനപതി അറിയിച്ചു.