കുവൈത്ത് സിറ്റി: യാത്ര നിയന്ത്രണങ്ങൾ മൂലം കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി അഡ്മിനിസ്ട്രേറ്റർ മാർക്കും കുടുംബാംഗങ്ങൾക്കും കുവൈത്തിൽ പ്രവേശിക്കാൻ അനുമതി. ഈ വിഭാഗത്തിൽ പെടുന്ന വർക്കും കുടുംബത്തിനും രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകണം എന്ന ആരോഗ്യ മന്ത്രാലയത്തിൻ്റെ അഭ്യർത്ഥന മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
മെഡിക്കൽ, ടെക്നിക്കൽ, നഴ്സിംഗ് സ്റ്റാഫുകൾക്ക് സമാനമായ സാധുതയുള്ള റെസിഡൻസി അല്ലെങ്കിൽ സാധുവായ എൻട്രി വിസ ഉള്ളവർക്കാണ് പ്രവേശനാനുമതി നൽകുക .
രാജ്യത്ത് എത്തിച്ചേരുന്നവർ കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും, ക്വാറൻ്റൈനിൽ കഴിയുകയും വേണം. നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ തുല്യ പങ്ക് വഹിക്കുന്ന സപ്പോർട്ട് സ്റ്റാഫുകളുടെ സേവനങ്ങൾ അടിയന്തിരമായിരിക്കുന്നതിനാലാണ് പ്രവാസികളായ അഡ്മിനിസ്ട്രേറ്റർ മാരെ തിരികെ എത്തിക്കാനുള്ള അനുമതി നൽകണമെന്ന അഭ്യർത്ഥന ആരോഗ്യ മന്ത്രാലയം മുന്നോട്ടു വച്ചത്..