സ്വകാര്യമേഖലയിൽ സ്വദേശിവത്കരണ നിരക്ക് ഇരട്ടിയാക്കി യുഎഇ

2023 അവസാനത്തോടെ യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം  ഇരട്ടിയാക്കാൻ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) ലക്ഷ്യമിടുന്നു. നാല് ശതമാനമാക്കിയാണ് ഉയർത്തുന്നത് , ഇതുവഴി 2026 അവസാനത്തോടെ  സ്വകാര്യ മേഖലാ സ്ഥാപനങ്ങളലെ സ്വദേശകളുടെ എണ്ണം മൊത്തം ജീവനക്കാരുടെ 10% ആയി ഉയർത്താനാണ് ശ്രമം. സ്വദേശിവത്കരണ നയം ലംഘിക്കുന്നവർ കടുത്ത ശിക്ഷ നേരിടേണ്ടി വരും.

50-ലധികം ജീവനക്കാരുള്ള സ്വകാര്യ  കമ്പനികളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം മൊത്തം തൊഴിലാളികളുടെ 2 ശതമാനമായി ഉയർത്താൻ ഡിസംബർ 31 വരെ സമയമുണ്ടായിരുന്നു. നിയമം പാലിക്കാത്തതിന്  പ്രതിമാസം 6,000 ദിർഹം എന്ന നിരക്കിൽ 72,000 ദിർഹം വാർഷിക പിഴ ചുമത്താൻ തുടങ്ങിയതായി മന്ത്രാലയം  അറിയിച്ചു.

അതേസമയം, സ്വകാര്യമേഖലയിലെ കമ്പനികളോട് സ്വദേശി നിയമനം തുടരാനും 2023 അവസാനത്തോടെ സ്വദേശിവത്കരണ നിരക്ക് കുറഞ്ഞത് 4 ശതമാനമായി ഉയർത്താനും ഇത് വഴി പിഴ ഒഴിവാക്കാനും  MoHRE-യിലെ എമിറേറ്റൈസേഷൻ അഫയേഴ്‌സ് അണ്ടർസെക്രട്ടറി സെയ്ഫ് അൽ സുവൈദി ആവശ്യപ്പെട്ടു.

നഫീസ്’ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സ്വദേശികളെ നിയമിക്കുകയും ജോലിക്ക് അനുസൃതമായി പരിശീലനങ്ങൾ നൽകുകയും ചെയ്യുന്ന  സ്ഥാപനങ്ങൾക്ക് മന്ത്രാലയം പ്രത്യേക പാക്കേജ് അനുവദിക്കും.  മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭിക്കുന്നതിന് 80 ശതമാനം വരെ കിഴിവുകൾ ഇവർക്ക് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ