മലയാളികളായ വിനോദസഞ്ചാരികൾ നേപ്പാളിൽ മരിച്ച നിലയില്‍: മരിച്ചത് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ എട്ട് പേർ

നേപ്പാളിൽ വിനോദസഞ്ചാരത്തിനായി പോയ എട്ട് മലയാളികളുടെ ദാരുണമരണം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് ദമ്പതിമാരും അവരുടെ പിഞ്ചു മക്കളും ഉൾപ്പെടെ എട്ട് പേരെയാണ് നേപ്പാളിൽ ദമനിൽ അവർ താമസിച്ചിരുന്ന റിസോർട്ട് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത്ത് ഭാര്യ ഇന്ദു ഇവരുടെ രണ്ടു വയസുകാരൻ മകൻ വൈഷ്ണവ്, തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ, ഭാര്യ ശരണ്യ മക്കളായ ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7) എന്നിവരാണ് മരിച്ചത്.

മുറിയിൽ തണുപ്പകറ്റാൻ ഉപയോഗിച്ചിരുന്ന ഗ്യാസ് ഹീറ്ററില്‍ നിന്നുള്ള കാർബൺ മോണോക്സൈഡ് വാതകമാണ് എട്ട് പേരുടെ ദാരുണാന്ത്യത്തിന് കാരണമായത്. മുറിയുടെ ജനലുകളും വാതിലുകളും അടച്ചിരുന്നതും ദുരന്തസാധ്യത ഇരട്ടിയാക്കി. രഞ്ജിത്ത്-ഇന്ദു ദമ്പതികളുടെ മൂത്ത മകൻ മാധവ് മറ്റൊരു മുറിയിലായിരുന്നതിനാൽ ദുരന്തത്തിൽപ്പെടാതെ രക്ഷപ്പെട്ടു.

ഇന്നുച്ചയോടെയാണ് മലയാളികളായ വിനോദസഞ്ചാരികൾ നേപ്പാളിൽ മരിച്ചുവെന്ന വാർത്ത പുറത്തറിയുന്നത്. എന്നാൽ‌ ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞതോടെയാണ് ആളുകള്‍ ശരിക്കും ദുഃഖത്തിലായത്. ഒരു ഉല്ലാസ യാത്ര പിഞ്ചു കുഞ്ഞുങ്ങളുടെയടക്കം ജീവനെടുത്ത അന്ത്യയാത്ര ആയതിന്റെ ഞെട്ടലിലായിരുന്നു പലരും. കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചവർ ഉള്‍പ്പെട്ട 15അംഗ സംഘം നേപ്പാളിലെത്തിയത്. ഇവിടെ ഒരു റിസോർട്ടിൽ രണ്ട് മുറികളിലായി ആയിരുന്നു താമസം.

രഞ്ജിത്തും സംഘവും താമസിച്ചിരുന്ന മുറിയിൽ നിന്ന് രാവിലെ ആളനക്കം കേൾക്കാതെ ആയതോടെ റിസോർട്ട് അധികൃതർ ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നത്. അബോധാവസ്ഥയിലായിരുന്ന എട്ട് പേരെയും വ്യോമമാർഗം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം പൂർത്തിയാക്കി എത്രയും വേഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.ബുധനാഴ്ച ഇന്ത്യന്‍ എംബസി അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ മേല്‍നോട്ടത്തിലാകും പോസ്റ്റുമോര്‍ട്ടം നടപടികള്‍. അതിനു ശേഷം വ്യാഴാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കും.