ഓക്സ്ഫോർഡിൻ്റെ കോവിഡ് വാക്സിൻ ഫെബ്രുവരിയോടെ കുവൈത്തിലെത്തും

കുവൈത്ത് സിറ്റി: കോവിഡ് -19 വൈറസിനെതിരായി ഓക്സ്ഫോർഡ് വികസിപ്പിച്ച അസ്ട്രാസെനെക വാക്സിൻ അടുത്ത മാസത്തോടെ കുവൈത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം പ്രതിദിനം നിരവധി പേർക്ക് വാക്സിനേഷൻ നൽകുന്നതിനായി കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. മിഷ്റെഫ് ഫെയർ ഗ്രൗണ്ടുകളിലെ ആറാം നമ്പർ ഹാൾ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഡോ. ഗാദ ഇബ്രാഹിം പ്രഖ്യാപിച്ചു. ഇതോടെ പ്രതിദിനം 3,500 പേർക്ക് കൂടെ വാക്സിനേഷൻ എടുക്കാനാകും. പ്രതിദിന കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം പതിനായിരത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സജീകരണങ്ങൾ ഒരുക്കുന്നതിനുള്ള തിരക്കിലാണ് ആരോഗ്യമന്ത്രാലയം.

ശാരീരിക മാനസിക വൈകല്യമുള്ളവർക്കും പ്രത്യേക സഹായം ആവശ്യങ്ങളുള്ളവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള മൊബൈൽ യൂണിറ്റുകൾ അടുത്ത ഫെബ്രുവരിയോടെ
ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി ശൈഖ് ഡോ. ബേസിൽ അൽ സബ പറഞ്ഞിരുന്നു. ഓക്സ്ഫോർഡ് വാക്സിൻ രാജ്യത്ത് എത്തുന്നതോടെ ഇത് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊബൈൽ യൂണിറ്റുകൾ വഴി പ്രതിരോധ കുത്തിവയ്പ്പിന് അർഹരായവരുടെ പേരു വിവരങ്ങളടങ്ങിയ പട്ടിക തയ്യാറാക്കുന്നതിൽ പൊതുജനാരോഗ്യ വകുപ്പും പ്രാഥമികാരോഗ്യ സംരക്ഷണ വകുപ്പുകളും തമ്മിൽ സഹകരിക്കുന്നുണ്ട്, പ്രതിരോധ യൂണിറ്റ് ഉൾപ്പെടെ മൊബൈൽ യൂണിറ്റുകളിൽ പ്രവർത്തിക്കാൻ പ്രത്യേക മെഡിക്കൽ സാങ്കേതിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കും. ഡോക്ടർ, ഒരു നഴ്സ്, എമർജൻസി ടെക്നീഷ്യൻ എന്നിവർ അടങ്ങുന്ന സംഘം ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ തയ്യാറായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഡോ. ഗാദ ഇബ്രാഹിം അറിയിച്ചു