കുവൈറ്റ് സിറ്റി : കുവൈറ്റ് സിറ്റി: സിപിഐ എം സ്‌ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ (102 ) നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി . ഇടവേളകളില്ലാത്ത സമരജീവിതംകൊണ്ട് ഇതിഹാസമായി മാറിയ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനെന്ന സഖാവ് വി എസിന്റെ നിര്യാണം ഇന്ത്യൻ രാക്ഷ്ട്രീയത്തിലെ നികത്താനാവാത്ത നഷ്ടമാണ് .ഒരു തവണ കേരള മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവുമായിരുന്നു അദ്ദേഹം ഏഴു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2006-11 കാലത്താണ് കേരള മുഖ്യമന്ത്രി പദത്തിലെത്തുന്നത്. നിരവധി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 1980 മുതൽ 1991 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാണ്.
1923 ഒക്ടോബർ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്ര വെന്തലത്തറ വീട്ടിൽ അയ്യൻ ശങ്കരന്റെയും അക്കമ്മ എന്ന കാർത്ത്യായനിയുടെയും രണ്ടാമത്തെ മകനായാണ് വി എസ് അച്യുതാന്ദൻ ജനിച്ചത്. പുന്നപ്ര പറവൂർ ഗവ. സ്‌കൂളിലും കളർകോട് സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നു വി എസിൻ്റെ ബാല്യകാലം. നന്നേ ചെറുപ്പത്തിൽ നാലാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു. വസൂരി ബാധിച്ചതിനെ തുടർന്നായിരുന്നു അമ്മയുടെ മരണം. ഏഴാം ക്ലാസിൽ പഠിക്കവെ അച്ഛനും മരിച്ചു. അതോടെ പഠനം നിർത്തി ജ്യേഷ്‌ഠൻ്റെ തുണിക്കടയിൽ സഹായിയായി. പിന്നീട് ആലപ്പുഴ ആസ്‌പിൻ വാൾ കയർ കമ്പനിയിൽ തൊഴിലാളിയായി. മൂന്നുകൊല്ലം അവിടെ പണിയെടുത്തു.
17-ാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്. വി എസിലെ സംഘടനാപാടവം കണ്ടെത്തി, കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾക്കിടയിലേക്കിറങ്ങി പാർടി വളർത്താൻ വി എസിന് പ്രചോദനം നൽകിയത് പി കൃഷ്ണപിള്ളയായിരുന്നു. പുന്നപ്ര വയലാർ സമരകാലത്തും പിന്നീട് അടിയന്തരാവസ്ഥക്കാലത്തും അറസ്റ്റിലാവുകയും പൊലീസിന്റെ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്‌തു. പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി തിരുവനന്തപുരത്ത് മകൻ്റെ വസതിയായ ‘വേലിക്കകത്ത്’ വീട്ടിൽ പൂർണവിശ്രമത്തിലായിരുന്നു . രോഗാവസ്ഥ മോശമായതിനെ തുടർന്ന് ജൂൺ 23 നു തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നെങ്കിലും ഇന്ന് ഉച്ചയ്ക്ക് 3.20 അന്ത്യം സംഭവിക്കുകയായിരുന്നു. ജനാധിപത്യ ഇന്ത്യയുടെ സമരക്കരുത്തായിരുന്ന സഖാവിന്റെ നിര്യാണത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപെടുത്തുന്നതായ് കല കുവൈറ്റ് ആക്റ്റിങ് പ്രസിഡന്റ് പ്രവീൺ പി വി, ആക്റ്റിങ് സെക്രട്ടറി പ്രസീത് കരുണാകരൻ എന്നിവർ അറിയിച്ചു.