കുവൈത്ത് സിറ്റി: കുവൈത്തില്‍ അപൂര്‍വ്വയിനം മണല്‍പൂച്ചയെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ സൊസൈറ്റി. ഇത്തരം പൂച്ചകള്‍ മനുഷ്യരോട് ഇണങ്ങില്ലെന്നും തീവ്ര ആക്രമണ സ്വഭാവമുള്ളതുമാണെന്നും സൊസൈറ്റി വ്യക്തമാക്കുന്നു. മണല്‍ പൂച്ചകളെ കുറിച്ചുളള കൂടുതല്‍ പഠനങ്ങള്‍ക്കും സൊസൈറ്റി തുടക്കം കുറിച്ചു. ഓമനത്തം തുളുമ്പുന്ന മുഖം, പക്ഷേ അപകടകാരികള്‍. കുവൈത്തിലെ മരുഭൂമിയില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം മണല്‍പൂച്ചയെ കുറിച്ചുള്ള എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ നിരീക്ഷണമാണിത്. കുവൈത്തിലെ പക്ഷി സംരക്ഷണ ടീമംഗമായ തലാല്‍ അല്‍ മുവൈസ്രിയാണ് മണല്‍ പൂച്ചയെ കണ്ടെത്തിയത്. ഈ ജീവി മരുഭൂമിയുടെ പ്രതീകവും ജൈവ വൈവിധ്യത്തിന്റെ സാക്ഷിയുമാണെന്ന് എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ സൊസൈറ്റി വ്യക്തമാക്കി. മണല്‍പൂച്ച വളരെ ജാഗ്രതയുള്ള ജീവിയാണ്. അതിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ അതിനെ ട്രാക്ക് ചെയ്യാനോ നിരീക്ഷിക്കാനോ പ്രയാസമാണ്. വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളെ പോലെ ഓമനത്തം തുളുമ്പുന്ന മുഖമാണ് മണല്‍ പൂച്ചകള്‍ക്കുമുള്ളത്. എന്നാല്‍ തീവ്ര ആക്രമണ സ്വഭാവമുള്ള വന്യജീവികളുടെ ഗണത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. മാംസഭുക്കുകളായ ഇവ മനുഷ്യരോട് ഒട്ടും ഇണങ്ങില്ലെന്നും എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ സൊസൈറ്റി വ്യക്തമാക്കുന്നു





























