കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയ യിൽ ലഹരിമരുന്നുകളുടെ അനധികൃത വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ഈജിപ്ഷ്യൻ സ്വദേശികളാണ് അറസ്റ്റിലായത്. പൊതു സുരക്ഷാ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും പിടികൂടിയത്. ലിറിക്ക നിർഫാക്സ് എന്നീ മരുന്നുകൾ അനധികൃതമായി കൈവശം വെച്ചതിനും വിൽപ്പന നടത്തിയതിനും ഇരുവർക്കുമെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സാല്മിയ പോലീസ് സ്റ്റേഷനിൽ സംശയകരമായ ഇടപാട് സംബന്ധിച്ചുളള വിവരം ലഭിച്ചത്. ഒരാൾ സംശയകരമായ വസ്തു കൈമാറുകയും അതിന് പ്രതിഫലം കൈപ്പറ്റുകയും ചെയ്യുന്നത് സംശയം ജനിപ്പിക്കുന്നുവെന്ന നിരവധി റിപ്പോർട്ടുകളാണ് പോലീസിന് ലഭിച്ചത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനൊടുവിൽ ആദ്യത്തെ പ്രതിയെ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടാമത്തെ പ്രതിയുടെ വിവരങ്ങൾ ലഭിച്ചത്, ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ പ്രതിയേയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.




























