കുവൈറ്റിൽ സ്കൂൾ അധികൃതരെ സസ്പെൻഡ് ചെയ്ത സംഭവം: ആശങ്കയിൽ പ്രവാസി മലയാളികളും

0
257

കുവൈറ്റ്‌: കുവൈത്തിൽ ആവശ്യമായ മുൻകൂർ അനുമതികൾ നേടാതെ പരിപാടികൾ സംഘടിപ്പിച്ച സ്കൂൾ അധികൃതരെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രി സസ്പെൻഡ് ചെയ്ത സംഭവത്തിൽ ആശങ്കയിൽ ആയി പ്രവാസി മലയാളികളും. കുവൈത്തിലെ മലയാളി സംഘടനകളുടെ ഓണാഘോഷ പരിപാടികളും മറ്റ് സൗഹൃദ സംഗമങ്ങളും നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരമൊരു നടപടി. ഇതോടെ ഈ നീക്കം തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് കുവൈത്തിലെ മലയാളികളായ പ്രവാസികളും. നിയമപരമായ അനുമതി ബന്ധപ്പെട്ട മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്നതിന് കാലതാമസവും തടസ്സവും നേരിടുന്നതിനാൽ സ്കൂൾ അധികൃതർ നൽകുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് കുവൈത്തിലെ സ്കൂളുകളിൽ വച്ച് പ്രവാസി സംഘടനകൾ പരിപാടികൾ സംഘടിപ്പിക്കുന്നത്. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടിയെ തുടർന്ന് സ്കൂൾ അധികൃതർ പിൻവാങ്ങുന്നതോടെ കടുത്ത സാമ്പത്തിക നഷ്ടമാണ് ഇത്തരം പ്രവാസി സംഘടനകൾക്ക് ഉണ്ടാകുന്നത്. എന്നാൽ സ്കൂൾ അധികൃതർ ആവശ്യമായ അനുമതി അവരുടേതായ രീതിയിൽ വാങ്ങിച്ചു നൽകാമെന്ന് ചില സംഘടനകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.