കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ – കല കുവൈറ്റ് അബുഹലീഫ മേഖല സമ്മേളനം പ്രൊഫ എം കെ സാനു നഗറിൽ (ഡി പി എസ് ഓഡിറ്റോറിയം അഹ്‌മദി) മേഖല പ്രസിഡന്റ് ജോബിൻ ജോണിന്റെ താൽക്കാലിക അധ്യക്ഷതയിൽ കലയുടെ മുൻ ഭാരവാഹി സി കെ നൗഷാദ് ഉദ്ഘാടനം ചെയ്തു.
മേഖലയിലെ ഗായകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല എക്സിക്യൂട്ടീവ് അംഗം ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോബിൻ ജോൺ, എം പി മുസഫർ, അജിത തോമസ് എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ അബുഹലീഫ മേഖല സെക്രട്ടറി സന്തോഷ് കെ ജി മേഖലാ വാർഷിക പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 20 യൂണിറ്റുകളിൽ നിന്നുമായി 120 പ്രതിനിധികളും, കേന്ദ്ര – മേഖല കമ്മറ്റി അംഗങ്ങളടക്കം 172 പേർ സമ്മേളനത്തിൽ പങ്കെടുത്തു. അടുത്ത പ്രവർത്തന വർഷത്തിൽ അബുഹലീഫ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല പ്രസിഡന്റായി സുധിൻ കുമാർ, സെക്രട്ടറിയായി ഷിജിൻ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികളടക്കം 35 അംഗങ്ങൾ ഉൾപ്പെടുന്നതാണ് മേഖല കമ്മിറ്റി. പ്രവാസികളെയും മലയാളി സമൂഹത്തെയും സംബന്ധിച്ച വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ട്രഷറർ പി ബി സുരേഷ്, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സമ്മേളന നടപടികളുടെ ഭാഗമായി വിവിധ സബ്കമ്മറ്റികളും പ്രവർത്തിച്ചു.
സമ്മേളനത്തിന്റെ സംഘാടകസമിതി സ്വാഗത സംഘം ചെയർമാൻ നാസർ കടലുണ്ടി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബുഹലീഫ മേഖലയുടെ പുതിയതായി തെരെഞ്ഞെടുത്ത സെക്രട്ടറി ഷിജിൻ നന്ദി രേഖപ്പെടുത്തി.

































