ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്കുള്ള കുവൈത്ത് മാര്‍ഗ നിര്‍ദ്ദേശം, അറിയേണ്ടതെല്ലാം

കാലാവധിയുള്ള വിസയുള്ളവരും വാക്‌സിന്‍ എടുത്തവരുമായ യാത്രക്കാര്‍ക്കാണ് പ്രവേശനം നല്‍കുക. വാക്‌സിനെടുത്ത രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന 16ന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനാനുമതി നലഭിക്കും.

പനി, ജലദോഷം, ചുമ, തുമ്മല്‍ പോലുള്ള കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് കുവൈറ്റിലേക്കുള്ള വിമാനങ്ങളില്‍ പ്രവേശനം അനുവദിക്കില്ല

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല

വിസ നിയമപ്രകാരം രാജ്യത്തിന് പുറത്തു താമസിക്കാന്‍ അനുവാദമുള്ള ആറു മാസത്തില്‍ കൂടുതല്‍ കാലം യാത്രാ നിയന്ത്രണങ്ങളും മൂലം
നാട്ടില്‍ കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി കുവൈറ്റിലേക്ക് തിരിച്ചെത്താം.

2019 സെപ്തംബര്‍ ഒന്നിനോ അതിനു ശേഷമോ കുവൈറ്റില്‍ നിന്ന് പുറത്തുപോയവര്‍ക്ക് തിരികെയെത്താം. അവരുടെ റെസിഡന്‍സ് പെര്‍മിറ്റ് അഥവാ വിസയുടെ കാലാവധി തീര്‍ന്നിട്ടില്ലെങ്കില്‍ മാത്രമായിരിക്കും അനുവാദം.

2019 ആഗസ്ത് 31നോ അതിനു മുമ്പോ കുവൈറ്റ് വിട്ടവരാണെങ്കില്‍ അവരുടെ വിസ കാലാവധി ബാക്കിയുണ്ടെങ്കിലും കുവൈറ്റിലേക്ക് തിരികെ വരാനാവില്ല.

യാത്രക്കാരുടെ സ്മാര്‍ട്ട് ഫോണില്‍ കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പ് അഥവാ ഇമ്മ്യൂണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. അതില്‍ വേണം വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാന്‍, രേഖകളുടെ സ്‌ക്രീന്‍ ഷോട്ട്, പ്രിന്റൗട്ട്, ഫോട്ടോ തുടങ്ങയവയൊന്നും കാണിച്ചാല്‍ പ്രവേശനം അനുവദിക്കില്ല

കുവൈറ്റില്‍ നിന്ന് വാക്സിന്‍ എടുത്തവരാണെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പിലോ കുവൈറ്റ് മുസാഫിര്‍ പോര്‍ട്ടലിലോ ആണ് ഇതിനുള്ള തെളിവ് കാണിക്കേണ്ടത്.

കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പ് വഴി തന്നെ ഡിജിറ്റല്‍ സിവില്‍ ഐഡിയും പ്രദര്‍ശിപ്പിക്കണം

ഫൈസര്‍ ബയോണ്‍ടെക്, ഓക്സ്ഫോര്‍ഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസുകള്‍, അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ വാക്സിനിന്റെ ഒരു ഡോസ് എന്നിവ എടുത്തവരെയാണ് വാക്സിനേറ്റ് ചെയ്യപ്പെട്ടവരായി കണക്കാക്കുകയുള്ളൂ.

സിനോഫാം, സിനോവാക്, സ്പുട്നിക് വി എന്നി കുവൈത്ത് അംഗീകാരമില്ലാത്ത വാക്സിൻ സ്വീകരിച്ചിട്ടുള്ളവര്‍ കുവൈത്ത് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു വാക്സിന്റെ ഒരു അധിക ഡോസ് സ്വീകരിച്ച് കൊണ്ട് പ്രവേശിക്കാം.

കുവൈറ്റിന് പുറത്തു വച്ച് വാക്സിന്‍ എടുത്തവരാണെങ്കില്‍ അവരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പോസ്പോര്‍ട്ടിലെ പേര്, സ്വീകരിച്ച വാക്സിന്‍, തീയതി, സ്ഥലം, ക്യുആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കണം. ക്യുആര്‍ കോഡ് ഇല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_RegistrationAR.aspx വഴി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ക്യുആര്‍ കോഡ് വെരിഫൈ ചെയ്യാതെ യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിപ്പിക്കില്ല

കുവൈറ്റില്‍ എത്തുന്നതിന് 72 മണിക്കൂറിനകം നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്

പ്രാദേശിക ഭരണകൂടങ്ങളുടെ രജിസ്‌ട്രേഷനോട് കൂടി പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ നിന്ന് നടത്തിയ ടെസ്റ്റുകള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ.

ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പിസിആര്‍ പരിശോധനാ ഫലം ആവശ്യമില്ല

അടിയന്തര ആവശ്യങ്ങള്‍ക്കായി കുവൈറ്റ് മന്ത്രിസഭയുടെ പ്രത്യേക അനുവാദത്തോടെ വരുന്നവര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെങ്കിലും പ്രവേശനം ലഭിക്കും