കുവൈറ്റ് സിറ്റി : 2026–2027 അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് കുവൈത്തിലെ ഇറാനിയൻ സ്വകാര്യ സ്കൂളിന്റെ വിദ്യാഭ്യാസ ലൈസൻസ് റദ്ദാക്കി സ്കൂൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രി എൻജി. സയ്യിദ് ജലാൽ അൽ-തബ്തബായി ഉത്തരവിട്ടു. സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന നിലവിലെ നിയമങ്ങളും സ്വകാര്യ വിദ്യാഭ്യാസ ജനറൽ അഡ്മിനിസ്ട്രേഷന്റെ ശുപാർശകളും അടിസ്ഥാനമാക്കിയാണ് മന്ത്രാലയ തീരുമാനം പുറപ്പെടുവിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പിൽ, സ്കൂളിന്റെ പുതുക്കിയ വിദ്യാഭ്യാസ ലൈസൻസ് റദ്ദാക്കിയതായും തീരുമാനം നടപ്പാക്കുന്നതിനുള്ള എല്ലാ നടപടികൾക്കും സ്വകാര്യ വിദ്യാഭ്യാസ ജനറൽ അഡ്മിനിസ്ട്രേഷൻ മേൽനോട്ടം വഹിക്കുമെന്നും വ്യക്തമാക്കി.
പുതിയ ഉത്തരവ് പ്രകാരം 2026–2027 അധ്യയന വർഷത്തിലേക്ക് പുതിയ വിദ്യാർഥികളുടെ പ്രവേശനം സ്കൂൾ ഉടൻ നിർത്തിവയ്ക്കണം.
നിലവിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളോട് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ കുട്ടികളുടെ പഠനം തടസ്സപ്പെടാതെ തുടരാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, പൊതുതാൽപര്യം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
വിദ്യാർഥികളുടെ പഠന പുരോഗതിയെ ബാധിക്കാതിരിക്കാൻ, മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് വിദ്യാർഥികളുടെ സ്കൂൾ മാറ്റ നടപടികൾ സുഗമമാക്കാൻ സ്വകാര്യ വിദ്യാഭ്യാസ ജനറൽ അഡ്മിനിസ്ട്രേഷൻ ആവശ്യമായ ഏകോപനം നടത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.






























