‘കൂലിപ്പണിക്കാരനായ അച്ഛന്റെ മകൾ ‘: കഷ്ടപ്പാടുകളെ പൊരുതി തോല്‍പ്പിച്ച് ‘ഗ്രേസ്’

പതിവു നായിക സങ്കല്‍പ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച നടിയാണ് ഗ്രേസ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദിന്റെ ഭാര്യയായ സിമിയായ എത്തി ശ്രദ്ധ നേടിയ നടി. എന്നാൽ ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് ഗ്രേസ് ഇവിടെ വരെയെത്തിയത്. ഇന്നു കാണുന്ന നിലയിലേക്കെത്താൻ താൻ സഹിച്ച കഷ്ടപാടുകളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസു തുറന്നത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് സിനിമാ നടി എന്ന മറുപടിയിൽ തുടങ്ങിയ പരിഹാസം. അച്ഛന്റെ കൂലിപ്പണിയുടെ പേരിലും പരിഹാസമായിരുന്നു കിട്ടിയിരുന്നത്. എന്നാൽ ‘അച്ഛൻ കൂലിപ്പണിക്കാരനാണെന്നു ഞാൻ പറഞ്ഞത് അന്തസ്സോടെയാണ്. ഒരിക്കലും എനിക്കതു കുറവായി തോന്നിയിട്ടില്ല. ഇന്നും ഞാൻ പറയുന്നു, എന്റെ അച്ഛൻ ടൈൽ ഒട്ടിക്കാൻ പോകുന്ന കൂലിപ്പണിക്കാരൻ തന്നെയാണ്.’എന്നാണ് ഗ്രേസ് പറയുന്നത്.

ഡാൻസ് പഠിക്കാൻ പോയപ്പോഴും സമ്പത്തിന്റെ പേരിൽ വിവേചനം നേരിട്ടു. പണക്കാരായ കുട്ടികള്‍ പഠിക്കുന്ന ക്ലാസിൽ ഏറ്റവും പുറകിലായി ഗ്രേസിന്റെ സ്ഥാനം. നന്നായി ചെയ്താൽ പോലും തല്ല്. തന്റെ മനസിലെ തീയാണവരൊക്കെ കൊളുത്തിയതെന്നാണ് ഗ്രേസ് പറയുന്നത്. എന്നെ കളിയാക്കിയവർ ഇല്ലായിരുന്നുവെങ്കിൽ ഞാനുണ്ടാകുമായിരുന്നില്ല.’എന്നാണ് നിലപാട്.‌