കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം;ഒരാൾ മരിച്ചു

0
12

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-സൽമി മരുഭൂമിയിലുള്ള ഒരു ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ക്യാന്പിലെ താത്കാലികമായി നിർമ്മിച്ച ഒരു ‘കിർബി’ മുറിക്കാണ് തീപിടിച്ചത്. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ജഹ്‌റ ഇൻഡസ്ട്രിയൽ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. അഗ്നിശമന സേന വളരെ വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും, കിർബി മുറി ഭാഗികമായി നശിക്കുകയും ഉള്ളിലുണ്ടായിരുന്ന ഒരാൾ മരണപ്പെടുകയും ചെയ്തു.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുവൈത്ത് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശൈത്യകാലമായതിനാൽ മരുഭൂമികളിലെ ക്യാന്പുകളിൽ ഹീറ്ററുകളും മറ്റും ഉപയോഗിക്കുന്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. താമസസ്ഥലങ്ങളിൽ പുക കണ്ടെത്താനുള്ള അലാറങ്ങളും അഗ്നിശമന ഉപകരണങ്ങളും കരുതേണ്ടതിന്റെ പ്രാധാന്യവും ഫയർ ഫോഴ്‌സ് വീണ്ടും ഓർമ്മിപ്പിച്ചു.