മൂന്ന് ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയച്ചു 

0
17

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് കുവൈത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ ദിവസങ്ങളായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ന് കുവൈത്ത് എയർവേസിന്റെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് അയച്ചു. യാത്രക്കാരില്ലാതെ കുവൈത്ത് എയർവേയ്സ് പ്രത്യേകമായി നടത്തിയ സർവീസിലാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയത്.

കുവൈത്തിലെ പ്രശസ്ത സാമൂഹ്യപ്രവർത്തകൻ സലീം കുമ്മേരിയും സുഹൃത്തായ അയ്യൂബ്യും നിരവധി ദിവസങ്ങളായി നടത്തിയ നിരന്തര പരിശ്രമവും ഇടപെടലുമാണ് ഇതിന് വഴിയൊരുക്കിയത്. നിലവിലെ യുദ്ധസാഹചര്യം കാരണം കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് സാധാരണ സർവീസുകൾ ഇല്ലാതായതിനാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയാതെ ഏറെ ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകരുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന് കുവൈത്ത് എയർവേയ്സ് അധികൃതർ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാമെന്ന് ഉറപ്പു നൽകുകയുമായിരുന്നു.

ഇതിനായി കുവൈത്ത് എയർവേസ് പ്രത്യേക ക്രമീകരണം നടത്തി.ഈ വിമാനത്തിൽ മൂന്ന് മൃതദേഹങ്ങളാണ് ഇന്ത്യയിലേക്ക് കൊണ്ടുപോയത്. അതിൽ സോണി വസന്തിന്റെ മൃതദേഹം ഡൽഹിയിലേക്കും, പുലിമൂട്ടിൽ തോമസ് ജോർജ്, പുത്തൻവില മൈദീൻ അലി ഖാൻ എന്നിവരുടെ മൃതദേഹങ്ങൾ കേരളത്തിലേക്കുമാണ് കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ പുത്തൻവില മൈദീൻ അലി ഖാൻ (74) മകളെ കാണാനായി സന്ദർശക വിസയിൽ കുവൈത്തിൽ എത്തിയപ്പോഴാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മകൾ ഫൗസിയ അലി ഖാൻ കുവൈത്തിലെ സബാഹ ആശുപത്രിയിലെ നഴ്സാണ്.