കുവൈത്ത് സിറ്റി: ബുധനാഴ്ച പുലർച്ചെയോടെ രാജ്യത്തേക്ക് പ്രവേശിച്ച 8 ഡ്രോണുകൾ നാഷണൽ ഗാർഡിന്റെ ടാസ്‌ക് ഫോഴ്‌സ് തകർത്തതായി നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ ജദ്ആൻ അറിയിച്ചു. പ്രധാന സൗകര്യങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സാധ്യതയുള്ള ഭീഷണികളെ നേരിടുന്നതിനുമായുള്ള നടപടികളുടെ ഭാഗമായാണ് ഈ ഇടപെടൽ നടത്തിയതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.ബന്ധപ്പെട്ട അധികാരികൾ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങളും മുൻകരുതൽ മാർഗനിർദേശങ്ങളും ജനങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിന് സമീപം രണ്ട് ഡ്രോണുകളുടെ അവശിഷ്ടം വീണതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഡ്രോൺ അവശിഷ്ടം വീണ് ആകെ നാല് പേർക്ക് പരിക്കേറ്റു. ഇന്ത്യക്കാരൻ, രണ്ട് ഘാന സ്വദേശികള്‍, ഒരു ബംഗ്ലാദേശ് സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്.






























