കുവൈത്ത് സിറ്റി: അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി വേഗത്തിലാക്കണമെന്ന് പബ്ലിക് വർക്സ് മന്ത്രി ഡോ. നൂറ അൽ-മഷാൻ നിർദ്ദേശിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെ വിവിധ പദ്ധതി സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് ഇത് വ്യക്തമാക്കിയത്. അംഗീകൃത സമയപരിധി കർശനമായി പാലിക്കുകയും ഉയർന്ന നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുകയും ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന സ്ഥിരതയുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് ഈ നടപടികളെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതികളുടെ പുരോഗതിയും വെല്ലുവിളികളും നേരിട്ട് വിലയിരുത്തുന്നതിനുള്ള നിരീക്ഷണത്തിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.































