കുവൈത്ത് സിറ്റി: ജെറ്റ് സ്കികൾ ഉപയോഗിച്ച് സഞ്ചാരികളെ ശല്യം ചെയ്ത കേസിൽ ഏഴുപേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. സമുദ്ര സുരക്ഷാ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ച് മറ്റ് സഞ്ചാരികളെ ബുദ്ധിമുട്ടിച്ചെന്നാണ് അധികൃതർ വ്യക്തമാക്കിയത്. തീരപ്രദേശങ്ങളിലെ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾ കണ്ടെത്താനും തടയാനുമായി ശക്തമായ പരിശോധനാ ക്യാമ്പയിനുകൾ തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ജെറ്റ് സ്കികളും മറ്റ് ജലവാഹനങ്ങളും ഉപയോഗിക്കുന്നവർ സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
































