കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സേവനങ്ങളെ സ്മരിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുവൈറ്റിലെ നഴ്സുമാരുടെ കൂട്ടായ്മയായ ഇൻഫോക് (INFOK) പ്രതിനിധികളുമായി ചേർന്ന് ഗ്രാൻഡ് ഹൈപ്പർ ഫഹാഹീലിൽ വെച്ചായിരുന്നു ആദരിക്കൽ ചടങ്ങ് നടന്നത്. ആരോഗ്യരംഗത്ത് നഴ്സുമാർ നൽകുന്ന നിസ്തുലമായ സംഭാവനകളെയും സേവനങ്ങളെയും മാനേജ്‌മെന്റ് അഭിനന്ദിക്കുകയും, നഴ്സസ് കമ്മ്യൂണിറ്റിയോടുള്ള ആദരസൂചകമായി ഇൻഫോക് പ്രതിനിധികൾക്ക് സ്നേഹാദരങ്ങൾ കൈമാറുകയും ചെയ്തു. ഗ്രാൻഡ് ഹൈപ്പർ CCOO ശരീഫ് ബി.സി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സമൂഹത്തിന് നഴ്സുമാർ നൽകുന്ന കരുതല് വലിയ മാതൃകയാണെന്നും അവരെ ആദരിക്കാൻ സാധിച്ചതിൽ ഗ്രാൻഡ് ഹൈപ്പറിന് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻഫോക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിജേഷ് വേലായുധൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. ഗ്രാൻഡ് ഹൈപ്പറിന്റെ മറ്റ് ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളും ഇൻഫോക് ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്നേഹസമ്മാനങ്ങളും വിതരണം ചെയ്തു.































