ബെൽജിയം വഴി കുവൈത്തിലേക്ക് നീണ്ട വാക്സിൻ യാത്ര

കുവൈറ്റ് സിറ്റി : കൊറോണയ്ക്കെതിരായ പ്രതിരോധ വാക്സിൻ ബെൽജിയത്തിൽ നിന്ന് എമിറേറ്റ്സ് എയർലൈൻസിലാണ് കുവൈത്തിൽ എത്തിയത്.
75,000 ആളുകൾക്ക് പ്രയോജനപ്പെടുന്ന 150,000 ഡോസ് മരുന്നുകളാണ് രാജ്യത്ത് എത്തിയിട്ടുള്ളത്. .കൊറോണയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാൻ മെഡിക്കൽ ടീമുകൾ തയാറാണെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ മുൻനിര പോരാളികൾക്കും പ്രായമായവർക്കും പ്രത്യേക ആരോഗ്യ സാഹചര്യം ഉള്ളവർക്കും ആണ് വാക്സിൻ നൽകുക.
രണ്ട് ദിവസത്തിനുള്ളിൽ വാക്സിനേഷൻ ആരംഭിക്കും, ഇതിനായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള എക്സിബിഷൻ ഗ്രൗണ്ടിൽ സജ്ജീകരണങ്ങൾ പൂർത്തിയായി വരുന്നു. ആരോഗ്യ പ്രവർത്തകർക്കും ജനങ്ങൾക്കിടയിലെ സാമൂഹിക അകലം, ക്യൂ കളുടെ അഭാവം, വൈറസ് പകരുന്നില്ല തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിനാവശ്യമായ മുൻകരുതലുകൾ എടുത്തതായും ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനങ്ങളും നൽകിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 400 ലധികം ജീവനക്കാർക്കാണ് വാക്സിനേഷൻ അടക്കം എല്ലാ മുൻകരുതൽ നടപടികളിലും പരിശീലനം നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.