കൊറോണ വൈറസ്: കേരളത്തിലും ജാഗ്രത

Shylaja Teacher

തിരുവനന്തപുരം: ചൈനയിൽ ഭീതി പടർത്തി വ്യാപിക്കുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രത. മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാം ഐസോലേഷൻ വാർഡുകൾ തുറക്കും. ഇത് സംബന്ധിച്ച നിർദേശംം ആരോഘ്യമന്ത്രി നൽകിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം അനുസരിച്ചാണ് നീക്കം. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക്, കയ്യുറ, സുരക്ഷാ കവചങ്ങൾ, വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ, അത്യാവശ്യ മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ‌ കെഎംഎസിസിഎല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചൈനയിൽ നിന്ന് തിരിച്ചെത്തിയ യുവാവിന് കൊറോണ വൈറസ് ബാധ സംശയിച്ച് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൈനയിൽ നിന്നെത്തിയ ഏറ്റുമാനൂർ സ്വദേശിയായ ഒരു വിദ്യാർഥിയും നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാനും ആരോഗ്യമന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ രോഗത്തെപ്പറ്റിയും രോഗലക്ഷണങ്ങളെ സംബന്ധിച്ചുമുള്ള ഒരു കുറിപ്പും കൊറോണ ഏറെ അപകടകാരി എന്ന പേരിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഫേസ്ബുക്കിലൂടെ പങ്കു വച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ കുറിപ്പ്:

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.