കുവൈത്ത് സിറ്റി: ഈ വാരാന്ത്യത്തിൽ കുവൈത്തിൽ ശക്തമായ ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ കാറ്റും ഉയർന്ന മർദ്ദ വ്യവസ്ഥയും കാരണം തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു.വ്യാഴാഴ്ച പകൽ ചൂട് കൂടിയ കാലാവസ്ഥയായിരിക്കും. മണിക്കൂറിൽ 10 മുതൽ 42 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്. താപനില 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. രാത്രി നേരത്ത് 25 മുതൽ 27 ഡിഗ്രി വരെ ചൂട് അനുഭവപ്പെടും. വെള്ളിയാഴ്ചയും ചൂട് തുടരുമെന്നും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തമാകാം. ശനിയാഴ്ച രാത്രി കടലിൽ തിരമാലകൾ ആറടി വരെ ഉയരാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.































