നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ നടപടി വേണം; കല കുവൈറ്റ്

0
4

കുവൈറ്റ് സിറ്റി: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണെന്നും, പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനാകെ വലിയ അപമാനമാണെന്നും കല കുവൈറ്റ്‌ അഭിപ്രായപെട്ടു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ.) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ആവർത്തിക്കപ്പെടുന്നത് ആശങ്കാജനകമാണ് അതിനാൽ എൻ.ടി.എ. പിരിച്ചുവിട്ട് പരീക്ഷാ നടത്തിപ്പിന്റെ ചുമതല നേരത്തെയുള്ളതുപോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറുകയും, ഉയരുന്ന ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാ സെന്ററുകളിൽ നിന്ന് നിരവധി വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷ എഴുതിയ ശേഷം നാട്ടിലേക്ക് പോയിട്ടുള്ളത്. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ഇനിയെങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യുമെന്ന ആശങ്കയിലാണ് പല രക്ഷിതാക്കളും. വീണ്ടും പരീക്ഷയ്ക്കായി എത്തിച്ചേരേണ്ട സാഹചര്യം പ്രവാസി കുടുംബങ്ങളെ വലിയ സാമ്പത്തിക ബാധ്യതയിലും മാനസിക സമ്മർദത്തിലുമാക്കുന്നതായും ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ലെന്നും പ്രവേശന പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ തകർക്കരുതെന്നും കല കുവൈറ്റ് പ്രസിഡന്റ് അൻസാരി. കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും പ്രസ്താവനയിൽ പറഞ്ഞു.