സമുദ്രജീവ സംരക്ഷണ ദൗത്യവുമായി കുവൈത്ത് ഡൈവിംഗ് ടീം

0
12

കുവൈത്ത് സിറ്റി: കുവൈത്തിന്റെ തെക്കൻ ദ്വീപുകളിലും സമുദ്രപരിധിയിലുമുള്ള പവിഴപ്പുറ്റുകളിൽ കുടുങ്ങിക്കിടക്കുന്ന ഉപേക്ഷിച്ച മത്സ്യബന്ധന വലകൾ നീക്കം ചെയ്യുന്നതിനായി കുവൈത്ത് ഡൈവിംഗ് ടീം വൻ സന്നദ്ധ ദൗത്യം ആരംഭിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുകയും ബോട്ടുകളുടെയും വള്ളങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. പവിഴപ്പുറ്റുകൾക്ക് സമീപം ഉപേക്ഷിക്കപ്പെട്ട വലകൾ സമുദ്രജീവികൾക്കും നാവിഗേഷൻ സുരക്ഷയ്ക്കും വലിയ ഭീഷണിയാകുന്നതായി മറൈൻ ഓപ്പറേഷൻസ് ഓഫീസർ വലീദ് അൽ-ഷത്തി പറഞ്ഞു. കട്ടിയുള്ള കയറുകൾ, ചങ്ങലകൾ, തടി, ലോഹ അവശിഷ്ടങ്ങൾ എന്നിവ പവിഴപ്പുറ്റുകൾ നശിപ്പിക്കുകയും സമുദ്രജീവികളെ കൊല്ലുകയും മത്സ്യത്തൊഴിലാളികൾക്കും ബോട്ടുപയോഗക്കാർക്കും അപകടമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അൽ-മുഫ്താഹ് ക്രീക്കിന് സമീപവും വലകൾ നീക്കം ചെയ്തതായി ടീം വ്യക്തമാക്കി. അൽ-ജുലൈയ പ്രദേശത്തും കുവൈത്ത് ഉൾക്കടൽ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ വലകൾ നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പവിഴപ്പുറ്റുകൾക്ക് കേടുപാടുകൾ വരുത്താതിരിക്കാൻ പ്രത്യേക സാങ്കേതിക വിദ്യകളും എയർബാഗ് ലിഫ്റ്റിംഗ് സംവിധാനങ്ങളും ഉപയോഗിച്ചാണ് പ്രവർത്തനം നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷണത്തിനും പവിഴപ്പുറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും ടീം പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.