കുവൈറ്റ് സിറ്റി : നോര്‍ക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പി. ശ്രീരാമകൃഷ്ണന്‍ രാജിവച്ചു. മുഖ്യമന്ത്രിക്കും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും അദ്ദേഹം രാജികത്ത് കൈമാറി. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ജീവനക്കാര്‍ അദ്ദേഹത്തിന് യാത്രയയപ്പു നല്‍കി. 2021 ലാണ് പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാനായി ചുമതലയേറ്റത്. വ്യാജ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തടയുന്നതിനായി ആധുനിക ഹൈസെക്ക്യൂരിറ്റി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂ.ആര്‍ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷന്‍ സംവിധാനം, യുക്രൈന്‍ രക്ഷാ ദൗത്യം, കോവിഡാനന്തരം ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായുളള പദ്ധതികള്‍, ഏറെ കാലമായി പ്രവാസിസമൂഹത്തിന്റെ ആവശ്യമായിരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയായ നോര്‍ക്ക കെയര്‍, നോര്‍ക്ക ഐ.ഡി കാര്‍ഡുകളുടെ വിപുലീകരണം, വിദേശരാജ്യങ്ങളില്‍ പഠനത്തിനായി പോകുന്ന കേരളീയ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ് പോര്‍ട്ടല്‍, സാന്ത്വന പദ്ധതിയുടെ കാലതാമസം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സോഫ്റ്റ്‌വെയര്‍, വിദേശ ഭാഷാ പഠനത്തിനായി നോര്‍ക്ക ഇന്‍റ്റിറ്റ്യൂട്ട് ഓഫാ ഫോറിന്‍ ലാംഗ്വേജസ്, സുരക്ഷതമായ വിദേശകുടിയേറ്റത്തിനായി നോര്‍ക്ക ശുഭയാത്ര, ഓപ്പറേഷന്‍ ശുഭയാത്രാ പദ്ധതികള്‍ എന്നിവ ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്. പ്രവാസി ക്ഷേമത്തിലും സുരക്ഷിത വിദേശ കുടിയേറ്റത്തിലും അന്താരാഷ്ട്ര തലത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യപ്പെടുന്ന നിലയില്‍ നോര്‍ക്ക റൂട്ട്സിനെ മികച്ച ദേശീയ മാതൃകയാക്കാനും നോര്‍ക്ക റൂട്ട്സ് സേവനങ്ങളും പദ്ധതികളും കൂടുതല്‍ ജനകീയമാക്കാനും ഈ കാലയളവിൽ കഴിഞ്ഞു.
ജി.സി.സി രാജ്യങ്ങള്‍ക്കു പുറമേ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം യു.കെ, യു.കെ വെയില്‍സ്, ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍, ട്രിപ്പിള്‍ വിന്‍ ട്രെയിനി), കാനഡ, എന്നിവിടങ്ങളിലേയ്ക്ക് വിപുലീകരിക്കാനായി. ഫ്രാന്‍സ്, നെതല്‍ലാന്റ്, ഇറ്റലി, ഫിൻലാന്റ് ,ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുളള റിക്രൂട്ട്മെന്റിനായി ധാരണാപത്രം കൈമാറി. ഡോക്ടര്‍മാര്‍, നഴ്സ്, ആരോഗ്യമേഖലയിലെ ടെക്നീഷ്യന്‍മാര്‍ ഉള്‍പ്പടെയുളള മേഖലകളില്‍ നിന്നും ഇതിനോടകം 4100-ൽ അധികം റിക്രൂട്ട്മെന്റുകൾ നടത്താൻ സാധിച്ചു. ഇലക്ട്രീഷന്‍, ഷെഫ്, ഡ്രൈവര്‍മാര്‍ തുടങ്ങി നൈപുണ്യ മികവുളളവരുടെ റിക്രൂട്ട്മെന്റ് നടപടികള്‍ പുരോഗമിക്കുകയാണ്. 2011 മുതല്‍ 2021 വരെ രണ്ടു തവണ മലപ്പുറം പൊന്നാനിയില്‍ നിന്നുളള നിയമസഭാംഗമായ അദ്ദേഹം 2016 മുതല്‍ 2021 വരെ 11ാം കേരള നിയമസഭയില്‍ സ്പീക്കറായി.






























