ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥരുടെ രാജ്യവ്യാപക പട്ടിക തയ്യാറാക്കാൻ മന്ത്രിസഭ നിർദേശം

0
11

കുവൈത്ത് സിറ്റി: നിയമാനുസൃത നിയന്ത്രണവും പൗരന്മാരുടെ അവകാശ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനായി ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സമഗ്ര പട്ടിക തയ്യാറാക്കാൻ എല്ലാ സർക്കാർ ഏജൻസികൾക്കും കുവൈത്ത് മന്ത്രിസഭ നിർദേശം നൽകി.

ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പുതുക്കുകയും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ അവരുടെ പ്രവർത്തന രീതികൾ പുനഃപരിശോധിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യവും പുതുക്കിയതുമായ ഡാറ്റാബേസ് രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഈ നീക്കത്തിലൂടെ സ്ഥാപനപരമായ മേൽനോട്ടം ശക്തിപ്പെടുത്തുകയും, നിയമപരമായ ചട്ടങ്ങൾക്കുള്ളിൽ മാത്രമേ ജുഡീഷ്യൽ അധികാരങ്ങൾ ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും, നിയമപ്രവർത്തനവും പൊതുജന അവകാശ സംരക്ഷണവും തമ്മിൽ തുലനം നിലനിർത്തുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

മന്ത്രിസഭ നിർദേശപ്രകാരം വിവിധ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും ആവശ്യമായ വിവരശേഖരണം ഇതിനകം ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. സുതാര്യത വർധിപ്പിക്കുക, ഉത്തരവാദിത്വം ഉറപ്പാക്കുക, ജുഡീഷ്യൽ അധികാരങ്ങൾ വിനിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ അധികാരപരിധി നിയന്ത്രിക്കുക തുടങ്ങിയ സർക്കാരിന്റെ വിപുലമായ പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.