ആറിടങ്ങളിലേക്ക് എസ്. ജയശങ്കറിന്റെ ഔദ്യോഗിക സന്ദർശനം; കുവൈത്തിലും എത്തും

0
40

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ജൂലൈ 15 വരെ ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ന്യൂയോർക്ക്, ബ്രസൽസ് എന്നിവിടങ്ങളിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. ഇന്നലെ സന്ദർശനം ആരംഭിച്ചു. ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക-ആഗോള വിഷയങ്ങളിൽ ചർച്ച നടത്തുന്നതിനുമാണ് സന്ദർശനം. ജൂലൈ 5 മുതൽ 10 വരെ ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലാണ് ജയശങ്കറിന്റെ സന്ദർശനം. ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ഉന്നത നേതൃത്വവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഈ രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതും മേഖലയിലെ പുതിയ സംഭവവികാസങ്ങൾ, പരസ്പര താൽപര്യമുള്ള വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതുമാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

തുടർന്ന് ജൂലൈ 13-ന് ന്യൂയോർക്കിൽ നടക്കുന്ന ചടങ്ങിൽ 2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭാ രക്ഷാസമിതി (യു.എൻ. സെക്യൂരിറ്റി കൗൺസിൽ) അംഗത്വത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രചാരണ പരിപാടി വിദേശകാര്യ മന്ത്രി ഉദ്ഘാടനം ചെയ്യും.

ശേഷം ജൂലൈ 14, 15 തീയതികളിൽ ബെൽജിയത്തിലെ ബ്രസൽസിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ–യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ (India-EU Trade and Technology Council) യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. യൂറോപ്യൻ യൂണിയന്റെയും ബെൽജിയത്തിന്റെയും വിദേശകാര്യ പ്രതിനിധികളുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും.