കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; 232 പേർ പിടിയിൽ, 454 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി

0
7

കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റും കുവൈത്ത് മുനിസിപ്പാലിറ്റിയും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങളിലായി 232 പേർ പിടിയിൽ. സുരക്ഷ ശക്തമാക്കുന്നതിനും നിയമം കർശനമായി നടപ്പിലാക്കുന്നതിനുമാണ് പരിശോധന സംഘടിപ്പിച്ചത്. പരിശോധനയുടെ ഭാഗമായി വിവിധ നിയമലംഘനങ്ങളിലായി ആകെ 775 സുരക്ഷാ-ഗതാഗത നടപടികളാണ് രേഖപ്പെടുത്തിയത്.

വിവിധ കേസുകളിൽ പിടികിട്ടാനുള്ള 111 പേരെ കസ്റ്റഡിയിലെടുത്തു. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 104 പേർ പിടിയിലായി. ചൂതാട്ടത്തിൽ ഏർപ്പെട്ട 4 പേരെ അറസ്റ്റ് ചെയ്തു. മദ്യം കൈവശം വെച്ചതിന് നാല് പേർ പിടിയിലായി. ലഹരിമരുന്ന് കൈവശം വെച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. അനധികൃതമായി കച്ചവടം നടത്തിയ രണ്ട് തെരുവ് കച്ചവടക്കാരെ പിടികൂടി. പിടിച്ചെടുക്കൽ നോട്ടീസുള്ള 32 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 454 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.

ഇതിന് പുറമെ ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്തതിന് രണ്ട് നിയമലംഘനങ്ങൾ കണ്ടെത്തി. രേഖകളില്ലാത്ത തൊഴിലാളി വിഭാഗത്തിൽപ്പെട്ട 51 പേർക്കെതിരെ നടപടി സ്വീകരിച്ചു. മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഉപേക്ഷിക്കപ്പെട്ട ഒരു വാഹനം നീക്കം ചെയ്തു. പഴകിയ മാംസം വിറ്റ കടയ്ക്ക് എതിരെ പിഴയും സീൽ വെക്കൽ നടപടികളും ഉൾപ്പെടെ മൂന്ന് റിപ്പോർട്ടുകൾ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ തയ്യാറാക്കി.