കുവൈത്ത് കല ട്രസ്റ്റ് പുരസ്‌കാര വിതരണം ആഗസ്റ്റ് 24ന്

0
15

കണ്ണൂർ : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകുന്ന കുവൈറ്റ് കല ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ‘കുവൈറ്റ് കല ട്രസ്റ്റ് പുരസ്‌കാരം’ നടൻ ഇന്ദ്രൻസിന് ഓഗസ്റ്റ്‌ 24ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. അരലക്ഷം രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് നൽകുക. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ, കല ട്രസ്റ്റ് ചെയർമാൻ എ.കെ ബാലൻ എന്നിവരും പങ്കെടുക്കും.

എസ്.എസ്.എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ 60 കുട്ടികൾക്ക് 7500 രൂപ വീതം എൻഡോവ്മെന്റും ഷീൽഡും നൽകും. കല ട്രസ്റ്റ് കുടുംബങ്ങളുടെ സംഗമവും ഉണ്ടാകും.

കണ്ണൂർ എ.കെ.ജി ഹാളിൽ നടന്ന കുവൈറ്റ് കല ട്രസ്റ്റ് പുരസ്‌കാരദാന സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എം.എൽ.എ അധ്യക്ഷനായിരുന്നു. സംഘാടക സമിതി ഭാരവാഹികളായി കെ.വി സുമേഷ് എം.എൽ.എ യെ ചെയർമാനായും സി.എച്ച് സന്തോഷിനെ കൺവീനറായും തിരഞ്ഞെടുത്തു. കല ട്രസ്റ്റ് സെക്രട്ടറി സുദർശനൻ കളത്തിൽ, പ്രശാന്ത് കൂട്ടാമ്പളളി, ഓർച്ച കണ്ണൻ എന്നിവർ സംസാരിച്ചു. സണ്ണി ഷൈജേഷ് സ്വാഗതം പറഞ്ഞു.