കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കെ കെ ആലിക്കുട്ടി മുസ്ല്യാരുടെ നിര്യാണത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
വിജ്ഞാനവും വിനയവും സാത്വികതയും ജീവിതത്തിൽ ഒരുപോലെ കാത്തുസൂക്ഷിച്ച പണ്ഡിതനായിരുന്നു ആലിക്കുട്ടി മുസ്ല്യാർ. മത-സാമൂഹിക രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. ലാളിത്യവും സൗമ്യതയും നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിത്വം പ്രചോദനമായിരുന്നു. മത സൗഹാർദ്ദത്തിന് മാതൃകാ പരമായ പ്രവർത്തനങ്ങൾ നടത്തിയ ആലിക്കുട്ടി മുസ്ല്യാരുടെ വിയോഗം കേരളീയ സമൂഹത്തിന് തീരാ നഷ്ടമാണ്. കുവൈത്ത് കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് ഇഖ്‌ബാൽ മാവിലാടം, ആക്ടിംഗ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. മയ്യിത്ത് നിസ്കാരവും അനുശോചന യോഗവും ഇന്ന് (വെള്ളി) വൈകിട്ട് 7 മണിക്ക് ഫർവ്വാനിയയിലെ കെ എം സി സി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുമെന്ന് നേതാക്കൾ അറിയിച്ചു.

































